അഭ്യൂഹങ്ങള്‍ക്ക് വിട; മിസോറാം ഗവര്‍ണറായി കുമ്മനം നാളെ ചുമതലയേല്‍ക്കും

single-img
28 May 2018

തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ ഏറ്റെടുക്കും. ഗവര്‍ണറായി നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഡല്‍ഹിയില്‍ നിന്ന് കുമ്മനം ഇന്ന് വൈകിട്ട് മിസോറാമിലേക്ക് തിരിക്കും.

നേരെത്ത മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരന്‍ കേന്ദ്ര നേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നു. പക്ഷേ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് കേന്ദ്ര നേതാക്കള്‍ കുമ്മനത്തെ നിര്‍ബന്ധിക്കുകയായിരുന്നു.

രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം നിലനില്‍ക്കുന്നു. ഈ വിജ്ഞാപനത്തിന് വിരുദ്ധമായി മറ്റൊരാളെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് പുതിയ പേര് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കണം. ഈ സാങ്കേതികത്വം നിലനില്‍ക്കുന്നതുകൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ കുമ്മനം രാജശേഖരന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയത്.

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ട് ദിവസം മുമ്പാണ് ഉത്തരവിറക്കിയത്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും കുമ്മനത്തിനെ തഴഞ്ഞതാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു.

ഇക്കാര്യത്തിലെ അതൃപ്തി കഴിഞ്ഞ ദിവസം അദ്ദേഹം കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും പദവികള്‍ ആഗ്രഹിച്ചിട്ടില്ലെന്നും കുമ്മനം നിലപാടെടുത്തു. എന്നാല്‍ തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്.

കേരളത്തില്‍ നേതൃത്വ മാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ദേശീയ നേതൃത്വം മുന്നോട്ട് പോവുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായി ബിജെപി നേതൃത്വത്തിലേക്ക് എത്തിയ കുമ്മനം പടിയിറങ്ങുന്നതും അപ്രതീക്ഷിതമായാണ്. ബിജെപിയുടെ പ്രകടനം കേരളത്തില്‍ മെച്ചപ്പെടുത്താന്‍ തന്റെ കാലയളവില്‍ സാധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലായിരുന്നു കുമ്മനം.

എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ കുമ്മനം രാജശേഖരന് പകരം കൂടുതല്‍ ചടുലതയോടെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ആവശ്യമുണ്ടെന്ന നിലപാടിലാണ് കേന്ദ്രം. അധികം വൈകാതെ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച ഉത്തരവും ദേശീയ നേതൃത്വം പുറപ്പെടുവിക്കും.