ബിജെപിയെ ഞെട്ടിച്ച് കുമ്മനം രാജശേഖരന്‍: ‘ഗവര്‍ണര്‍ പദവി ഏറ്റെടുക്കാനില്ല’

single-img
28 May 2018

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതിലുള്ള അതൃപ്തിയില്‍ കുമ്മനം രാജശേഖരന്‍. മിസോറം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ താല്‍പ്പര്യക്കുറവുണ്ടെന്ന് കുമ്മനം രാജശേഖരന്‍ ദേശീയ നേതാക്കളെ അറിയിച്ചു. ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് കുമ്മനം രാജശേഖരന്‍ ദേശീയ നേതാക്കളോട് അതൃപ്തി അറിയിച്ചത്.

അതേസമയം മിസോറാം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ കുമ്മനം പുതിയ ചുമതല ഏറ്റെടുക്കാനാണ് സാധ്യത. ഇന്നാണ് നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ സ്ഥാനമൊഴിയുന്നത്.

കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചത്. ഈ വര്‍ഷം ഒടുവില്‍ മിസോറമില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു കുമ്മനത്തിന്റെ നിയമനം. 2015 ഡിസംബറിലാണ് അദ്ദേഹം ഏറക്കുറെ അപ്രതീക്ഷിതമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായത്.

ഇപ്പോള്‍ ഗവര്‍ണര്‍സ്ഥാനത്ത് എത്തുന്നതും അപ്രതീക്ഷിതമായിത്തന്നെ. ഗവര്‍ണര്‍പദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ് കോട്ടയം ജില്ലയിലെ കുമ്മനം വാളാവള്ളിയില്‍ കുടുംബാംഗമായ കുമ്മനം രാജശേഖരന്‍.

ആര്‍എസ്എസ് പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ സേവനം ബിജെപിക്കു വിട്ടുനല്‍കുകയായിരുന്നു. സാധാരണ, ആര്‍എസ്എസ് പ്രചാരകര്‍ ബിജെപിയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനമാണു വഹിക്കാറ്. എന്നാല്‍, കേരളത്തിലെ അസാധാരണ സാഹചര്യത്തില്‍ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാദം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.

ബിജെപിയുടെ പ്രകടനം കേരളത്തില്‍ മെച്ചപ്പെടുത്താന്‍ തന്റെ കാലയളവില്‍ സാധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലായിരുന്നു കുമ്മനം രാജശേഖരന്‍. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ കുമ്മനം രാജശേഖരന് പകരം കൂടുതല്‍ ചടുലതയോടെ പ്രവര്‍ത്തിക്കേണ്ട ഒരാള്‍ ആവശ്യമുണ്ടെന്ന നിലപാടിലാണ് കേന്ദ്രം. അധികം വൈകാതെ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച ഉത്തരവും ദേശീയ നേതൃത്വം പുറപ്പെടുവിക്കും.