‘അയ്യേ… ഇതാണോ കോഹ്ലി’; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ‘കോഹ്ലിയെ’ പൊളിച്ചടുക്കി നാട്ടുകാര്‍

single-img
28 May 2018

കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനത്തിന് നടന്‍ മോഹന്‍ലാലിനെ എത്തിക്കുമെന്ന് പറഞ്ഞ് അവസാനം പച്ചാളം ഭാസിയെ എത്തിക്കുന്ന രംഗം കണ്ട് എല്ലാവരും ഏറെ ചിരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് സമാനമായ സംഭവമാണ് മഹാരാഷ്ട്രയിലെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്.

രാമലിംഗ ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്ന വിത്താല്‍ ഗണ്‍പത് ഘാവത്താണ് ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേയ് 25ന് നടക്കുന്ന റാലിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയെ അതിഥിയായി എത്തിക്കുമെന്നായിരുന്നു ഗണ്‍പത് ഘാവത്തിന്റെ വാഗ്ദാനം.

സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം കേട്ട നാട്ടുകാര്‍ വിരാട് കൊഹ്ലിക്ക് സ്വാഗതമര്‍പ്പിച്ച് ബാനറുകളും ഫ്‌ലക്‌സുകളും സ്ഥാപിച്ചു. എന്നാല്‍ മേയ് 25ന് കൊഹ്‌ലിയെ കാണാന്‍ റാലിയില്‍ എത്തിയ ജനക്കൂട്ടത്തിന് കാണാനായത് കൊഹ്ലിയുമായി രൂപ സാദൃശ്യമുള്ള യുവാവിനെയാണ്.

തങ്ങളുടെ പ്രിയ താരവുമായി സെല്‍ഫി എടുക്കാന്‍ കാത്ത് നിന്ന ആരാധകരെ നിരാശരാക്കിയാണ് ഡ്യൂപ്ലിക്കെറ്റ് കൊഹ്‌ലി വേദിയില്‍ എത്തിയത്. അതേസമയം, ഡ്യൂപ്ലിക്കെറ്റാണെങ്കിലും പറഞ്ഞ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് സ്ഥാനാര്‍ത്ഥി ഗണ്‍പത് ഘാവത്ത്.

വിത്തലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ക്രിക്കറ്റ് ബാറ്റായിരുന്നു. അതിനാലാകാം ഇത്തരമൊരു സാഹസത്തിന് അദ്ദേഹം മുതിര്‍ന്നതെന്നാണ് കരുതുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചിരിപടര്‍ത്തി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ട്വിറ്ററിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ആളുകള്‍ ഇത് ഏറ്റെടുത്ത് പ്രചരിരപ്പിക്കുകയായിരുന്നു. അതേസമയം സംഭവത്തിന്റെ ആധികാരികത വ്യക്തമല്ല. ശരിക്കും വിരാട് കോലിയെ ഇക്കാര്യം അറിയിക്കണമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.