കെവിന്റെ മരണം ദുരഭിമാനക്കൊല?; ഭാര്യ നീനു ആശുപത്രിയില്‍; ഗാന്ധിനഗര്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; കോട്ടയം എസ്പിയെയും മാറ്റി

single-img
28 May 2018

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. കോട്ടയം എസ്പി വി.എം. മുഹമ്മദ് റഫീഖിനെയും സ്ഥലം മാറ്റി.

മേല്‍നോട്ട ചുമതലയില്‍ വീഴ്ചവരുത്തിയതിനാണ് എസ്പിക്കെതിരേ നടപടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എസ്‌ഐയെയും എഎസ്‌ഐയെയും രാവിലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷണത്തില്‍ എസ്‌ഐക്ക് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കെവിന്റെ ബന്ധുകളുടെ പരാതിയില്‍ എസ്‌ഐ കൃത്യസമയത്ത് കേസെടുത്തില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസെടുക്കുന്നതില്‍ ഗാന്ധിനഗര്‍ എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി ഡിവൈഎസ്പിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌ഐക്കും എഎസ്‌ഐക്കും നേരെ നടപടി സ്വീകരിച്ചത്.

അതേസമയം കെവിന്റെ മരണം ദുരഭിമാനക്കൊലയെന്ന് സൂചന. കെവിന്‍ പിന്നോക്ക വിഭാഗത്തിലുള്ളയാളാണെന്നതാണ് നീനുവിന്റെ വീട്ടുകാരുടെ എതിര്‍പ്പിന് വഴിവെച്ചതും തട്ടിക്കൊണ്ടു പോവുന്നതിലെത്തിച്ചതുമെന്നാണ് കെവിന്റെ ബന്ധുക്കള്‍ പറയുന്നത്.

മൂന്ന് ദിവസം മുമ്പാണ് കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിന്റെയും(26) കൊല്ലം തെന്‍മല ഷനുഭവനില്‍ നീനുവിന്റെയും(20) രജിസ്റ്റര്‍ വിവാഹം നടന്നത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചിരുന്നവരാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. നീനു റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ആ രീതിയിലുള്ള ആരോപണമാണ് കെവിന്റെ വീട്ടുകാര്‍ ഉന്നയിക്കുന്നത്.

കെവിനെയും ബന്ധു മാന്നാനം കളമ്പാട്ടുചിറ അനീഷിനെയുമാണ് നീനുവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. അനീഷിനെ വഴിയില്‍ ഉപേക്ഷിച്ചു. കെവിനെക്കുറിച്ച് വിവരമൊന്നും ഇതുവരെ കിട്ടിയിട്ടില്ലായിരുന്നു.

നവവധുവായ നീനു പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സംഭവം വലിയ വാര്‍ത്തയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ചയാണ് തോട്ടില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് പഞ്ചായത്ത് അംഗം അംഗമടക്കമുള്ളവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

അതേസമയം കെവിന്റെ മരണ വാര്‍ത്തയറിഞ്ഞ ഭാര്യ നീനുവിനെ ദേഹസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റില്‍ കെവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയറിഞ്ഞതിനെത്തുടര്‍ന്നാണ് നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.