നാളെ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ഉപേക്ഷിച്ചു: കോട്ടയത്ത് യുഡിഎഫ് ബിജെപി ഹര്‍ത്താല്‍

single-img
28 May 2018

വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ഉപേക്ഷിച്ചു.

പോലീസിന്റെയും വിവിധ സംഘടനകളുടെയും ആഭ്യര്‍ഥന മാനിച്ചാണ് സംസ്ഥാന ഹര്‍ത്താല്‍ വേണ്ടെന്ന് വച്ചതെന്ന് സിഎസ്ഡിഎസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അതേസമയം യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതിനിടെ കെവിന്‍ പി.ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ചാലിയക്കര തോടിനരികില്‍ സംഘര്‍ഷം. കെവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ആര്‍ഡിഒയുടെയോ മജസിട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് തര്‍ക്കത്തിന് ഇടയാക്കിയത്. കെവിന്റെ മരണത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തുകയായിരുന്നു. ഇരുകൂട്ടരും കലഹിച്ച നേരമത്രയും കെവിന്റെ മൃതദേഹം മഴയത്ത് കിടന്നു.

മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇവിടെയെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. പൊലീസിന്റെ ഇന്‍ക്വസ്റ്റില്‍ വിശ്വാസമില്ലെന്നും ആര്‍ഡിഒയുടെയോ മജിസ്‌ട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്നാലെ, രാഷ്ട്രീയ മുതലെടുപ്പു നടത്തരുതെന്ന് ആവശ്യപ്പെട്ടു സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരോടു തട്ടിക്കയറി.

അതിനിടെ, കൊല്ലം റൂറല്‍ എസ്പി പി. അശോകന്‍ സ്ഥലം സന്ദര്‍ശിച്ചു. നിയമപരമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. ആര്‍ഡിഒ ചുമതലപ്പെടുത്തിയത് അനുസരിച്ച് തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്താനെത്തി. പിന്നീട് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

അതേസമയം, ഒളിവില്‍പോയ യുവതിയുടെ സഹോദരന്‍ ഷാനു ചാക്കോയ്ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. വിദേശത്ത് ജോലിയുള്ള ഇയാള്‍ മടങ്ങിപ്പോവാതിരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

പെണ്‍കുട്ടിയുടെ വീടായ തെന്മലയിലും പരിസരങ്ങളിലും തെരയുന്നുണ്ട്. അതിനിടെ തന്റെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്ന് വീണ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനും(26) കൊല്ലം തെന്‍മല ഷനുഭവനില്‍ നീനുവും(20). മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചവരാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. നീനു റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും കെവിന്‍ താഴ്ന്ന നിലവാരത്തിലുള്ള ആളാണെന്നുള്ള ചിന്തയുമാണ് ബന്ധത്തോടുള്ള എതിര്‍പ്പിനും തുടര്‍ന്നുള്ള കുറ്റകൃത്യത്തിനും നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ആ രീതിയിലുള്ള ആരോപണമാണ് കെവിന്റെ വീട്ടുകാര്‍ ഉന്നയിക്കുന്നത്.

കോട്ടയത്തിന് സമീപമുള്ള കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു നീനു. 24ന് പരീക്ഷാവിവരം അറിയാനാണ് നീനു കോട്ടയത്തെത്തിയത്. വൈകീട്ട് 7.30ന് നീനു വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിച്ചു. വീട്ടുകാര്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല.

നീനുവിന്റെ ബന്ധുക്കള്‍ 25നു ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിനെ കാണിച്ചു. കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചിട്ടും അത് പരിഗണിക്കാതെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിച്ചു.

എന്നാല്‍ കെവിനൊപ്പം ജീവിക്കാനാണു താത്പര്യമെന്ന് നീനു അറിയിച്ചു. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസിന്റെ മുന്നില്‍വച്ചു മര്‍ദിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമവും നടത്തി.പിന്നീട് നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി.

എന്നാല്‍ വിവാഹത്തിന് ശേഷവും ബന്ധുകളില്‍ നിന്ന് ഭീഷണി നേരിട്ടതിനാല്‍ നീനുവിനെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, ആക്രമണം മുന്നില്‍ കണ്ട് കെവിന്‍ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മാന്നാനത്തെ ഈ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറുകളിലായി നീനുവിന്റെ സഹോദരനും സംഘവും എത്തുന്നത്. നീനു എവിടെ എന്നു ചോദിച്ചു കൊണ്ട് വീട്ടിലേക്ക് കയറിയ സംഘം നീനുവിനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു മാന്നാനം കളമ്പാട്ടുചിറ അനീഷി(31)നെ പിടികൂടി കൊണ്ടു പോവുകയായിരുന്നു.

അര്‍ധരാത്രി വീടിന്റെ വാതില്‍ തകര്‍ത്താണ് കെവിനെയും അനീഷിനെയും നീനുവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോവുന്നത്. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. കാറിലും മര്‍ദനം തുടര്‍ന്നു. ഇരുവരെയും വെവ്വേറെ കാറുകളിലായിരുന്നു കൊണ്ടുപോയത്

സമീപമുള്ള വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാല്‍ പുറത്തിറങ്ങിയില്ല. ഇവരാണു പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതോടെ കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച ശേഷം പിന്നീട് സംഘം വഴിയില്‍ ഉപേക്ഷിച്ചു. നീനുവിനെ വിട്ടുതന്നാല്‍ കെവിനെ വിടാം എന്നും ഇവര്‍ തന്നോട് പറഞ്ഞതായി അനീഷ് പറയുന്നു.

അതിനിടെ, കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതു വിശ്വസനീയമല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.

നീരുവീര്‍ത്ത മുഖവുമായി അനീഷ് ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി. ഹോസ്റ്റലില്‍ താമസിക്കുന്ന നീനുവും സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി. ഇങ്ങനെ മൂന്ന് പരാതികള്‍ ഒരു സംഭവത്തില്‍ കിട്ടിയിട്ടും വൈകുന്നേരമാണ് പോലീസ് അന്വേഷണത്തിന് മുതിരുന്നത്.

മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ പോകണമെന്നും അതിനു ശേഷം അന്വേഷിക്കാമെന്നുമായിരുന്നു ഗാന്ധിനഗര്‍ എസ്.ഐ ഷിബു പറഞ്ഞതെന്ന് കെവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു. ബന്ധുകള്‍ ഒരുപാട് തവണ ആവശ്യപ്പെട്ടതോടെ രാവിലെ പതിനൊന്നരയോടെ പോലീസ് സംഭവത്തില്‍ കേസെടുത്തു. ഒടുവില്‍ ഇന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.