വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്‌ഐ ദീപക്കിന് ഉപാധികളോടെ ജാമ്യം

single-img
28 May 2018


കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി കൊലപാതകത്തില്‍ എസ് ഐ ദീപക്കിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, എറണാകുളം വിചാരണ കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ശ്രീജിത്തിനെ മര്‍ദിച്ചതിലും മരണത്തിലും തനിക്കു പങ്കില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണു ദീപക് ജാമ്യാപേക്ഷ നല്‍കിയത്. വരാപ്പുഴ എസ്.ഐയായിരുന്നുവെന്ന ഒറ്റക്കാരണത്താലാണു പ്രതിചേര്‍ത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ ദീപക് മര്‍ദിച്ചെന്നു സാക്ഷിമൊഴിയുണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഏപ്രില്‍ ആറിന് രാത്രിയില്‍ പോലീസ് പിടികൂടിയ ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴൊന്നും തനിക്കെതിരേ പരാതി പറഞ്ഞിട്ടില്ലെന്ന് എസ്.ഐയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, തന്നെ വീട്ടില്‍നിന്നു പിടികൂടിയ പോലീസുകാരാണു മര്‍ദിച്ചതെന്നു ശ്രീജിത്ത് ഡോക്ടര്‍ക്കു മൊഴി നല്‍കിയിരുന്നു. കേസിലെ ആദ്യ മൂന്നു പ്രതികളായ ആര്‍.ടി.എഫ്. അംഗങ്ങളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ശ്രീജിത്തിനു മര്‍ദനമേറ്റതു വീട്ടില്‍നിന്നു പിടികൂടുമ്പോഴാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലും തനിക്കെതിരേ പരാമര്‍ശമില്ല. ഏപ്രില്‍ അഞ്ച്, ആറ് തിയതികളില്‍ അവധിയിലായിരുന്നു. ഇതു കാരണം പറവൂര്‍ സി.ഐയാണു ശ്രീജിത്ത് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് അന്വേഷണത്തിന്റെ ചുമതല സി.ഐക്കായിരുന്നെന്നും തനിക്കു പങ്കില്ലെന്നും ദീപക് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.