ഏഷ്യാനെറ്റ് ‘ബഡായി ബംഗ്ലാവ്’ പരിപാടി അവസാനിപ്പിക്കുന്നു

single-img
28 May 2018

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന രമേശ് പിഷാരടി അവതാരകനായ ‘ബഡായി ബംഗ്ലാവ്’ അവസാനിപ്പിക്കുന്നു. ഇനി സംപ്രേഷണം ചെയ്യാനുള്ള രണ്ട് എപ്പിസോഡുകള്‍ കൂടി കഴിഞ്ഞാല്‍ ‘ബഡായി ബംഗ്ലാവ്’ അവസാനിക്കും.

രമേശ് പിഷാരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയമുള്ളവരെ.
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്‌ളാവ്’ പര്യവസാനിപ്പിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ അഭിമാനവും സന്തോഷവും തരുന്നു.

ഡയാന സില്‍വസ്റ്റര്‍, മുകേഷേട്ടന്‍, എം.ആര്‍.രാജന്‍ സാര്‍, പ്രവീണ്‍ സാര്‍, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു …

സിനിമാല,
കോമഡി ഷോ,
കോമഡി നഗര്‍ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിന്‍സ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്‌സ്,
ബഡായി ബംഗ്‌ളാവ്,
മുപ്പതോളം താര നിശകള്‍ …
ഇങ്ങനെ ചെറുതും വലുതുമായി 15 വര്‍ഷങ്ങള്‍ കൊണ്ട് 1500 ഓളം എപ്പിസോഡുകള്‍ അവതരിപ്പിക്കുവാന്‍ എനിക്ക് അവസരം തന്ന; വരാനിരിക്കുന്ന അവാര്‍ഡ് നൈറ്റ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ചാനലും പരിപാടിയും കലാകാരനുമെല്ലാം പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് …
ആ സത്യം
ആ ശക്തി നിങ്ങളാണ് …