ജയന്റ് വീല്‍ തകര്‍ന്ന് പത്ത് വയസുകാരി മരിച്ചു

single-img
28 May 2018

ആന്ധ്രാപ്രദേശിലെ അനന്ദപുര്‍ ജില്ലയിലെ ജൂനിയര്‍ കോളേജ് ഗ്രൗണ്ടില്‍ അവധിക്കാലത്ത് നടത്തുന്ന പ്രശസ്തമായ എക്‌സിബിഷനിടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കുട്ടികളടക്കം കയറിയ ജയന്റ് വീലിന്റെ ഒരു ട്രോളിയുടെ ബോള്‍ട്ട് ഇളകി മാറിയതിനെ തുടര്‍ന്ന് തകര്‍ന്ന് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍ അമൃത (10)ആണ് മരിച്ചത്. മൂന്ന് കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ അനന്ദപുര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

വേനലവധിയായതിനാല്‍ എക്‌സിബിഷന് നല്ല തിരക്കായിരുന്നു. ഇതിനിടെയായിരുന്നു അപകടം. യന്ത്ര ഊഞ്ഞാലിന്റെ ട്രോളി കാറുകളില്‍ ഒന്ന് തകര്‍ന്നു വീണാണ് അപകടമുണ്ടായത്. ട്രോളി കാറിന്റെ ബോള്‍ട്ട് ഊരിപ്പോയതാണ് അപകടത്തിന് വഴിവച്ചത്.

കറങ്ങിക്കൊണ്ടിരുന്ന യന്ത്ര ഊഞ്ഞാലില്‍നിന്ന് ആളുകള്‍ ഉള്‍പ്പെടെ ട്രോളി കാര്‍ ഇളകി താഴേക്കു പതിക്കുകയായിരുന്നു. ട്രോളി കാറിന്റെ ബോള്‍ട്ട് ഇളകിക്കിടക്കുന്നതായി ഓപ്പറേറ്ററോടു പറഞ്ഞിരുന്നെങ്കിലും മദ്യ ലഹരിയിലായിരുന്ന ഇയാള്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നു ദൃക്‌സാക്ഷികള്‍ ആരോപിച്ചു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.