സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായി മന്ത്രി ജി സുധാകരന്റെ ഭാര്യ: നിയമനം വിവാദത്തില്‍

single-img
27 May 2018

മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോക്ടർ‍ ജൂബിലി നവപ്രഭയെ ഡയറക്ടേറ്റ് ഓഫ് മാനേജ്മെന്റ് ടെകനോളജി ആന്റ് ടീച്ചേഴ്സ് എജുക്കേഷൻ ഡയറക്ടറായി കഴിഞ്ഞ ദിവമാണ് നിയമിച്ചത്. പ്രതിമാസം 35000 രൂപ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. സർവ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നൽകിയത്.

ഓരോ കോഴ്സിനും ഒരു ഡയറക്ടർ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടർ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. നിലവിൽഓരോ കോഴ്സിനും സർവ്വകലാശാലക്ക് കീഴിലെ ഓരോ പ്രൊഫസർമാരായിരുന്നു ഡയറക്ട‍ർ. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോൾ യോഗ്യത സർവ്വീസിലുള്ള പ്രൊഫസറിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ അല്ലെങ്കിൽ വൈസ്പ്രിൻസിപ്പൽ എന്നാക്കി മാറ്റി.

ഈ മാസം നാലിനു നടത്തിയ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവിൽ പറയുന്നു. നേരത്തേ യൂണിവേഴ്സിറ്റി പ്രൊഫസർമാരെയാണ് ഡയറക്ടർ തസ്തികയിൽ നിയമിച്ചിരുന്നത്. എന്നാൽ വിരമിച്ച അധ്യാപകരെ നിയമിക്കാമെന്ന് സിൻഡിക്കേറ്റ് തീരുമാനമെടുത്തു. ഇത് മന്ത്രി പത്നിക്കു വേണ്ടിയെന്നാണ് ആക്ഷേപം. ആലപ്പുഴ എസ്ഡി കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.