സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പ്; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ഒന്നരലക്ഷത്തോളം രൂപ നഷ്ടം

single-img
27 May 2018

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പ്. ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയിൽ നിന്നും 1,32,927 രൂപയും കവടിയാർ സ്വദേശി ഡോ. വീണയിൽ നിന്നും 30,000 രൂപയുമാണ് നഷ്ടമായത്. ഇരുവരുടെയും എസ്ബിഐ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.

60 തവണയായാണ് ശോഭനകുമാരിക്ക് പണം നഷ്ടപ്പെട്ടത്. എസ്ബിഐ ബാലരാമപുരം ശാഖയിലാണ് ശോഭന കുമാരിയുടെ അക്കൗണ്ട്. ഇവർ എടിഎം കാർഡ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. 19, 23 തീയതികള്‍ക്കിടെയാണ് പണം നഷ്ടമായത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിയെന്നാണ് ബാങ്ക് രേഖകളില്‍ കാണുന്നത്. ഒടിപി നമ്പര്‍ ചോദിച്ചുള്ള സന്ദേശം ഫോണില്‍ വന്നിട്ടുമില്ല.

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. വീണയ്ക്കാണ് 30000 രൂപ നഷ്ടമായത്. ഈ മാസം 13 നാണ് അഞ്ചുതവണയായി പണം പിൻവലിക്കപ്പെട്ടത്. ആപ്പിള്‍ ഐ ട്യൂണ്‍സ്, ഗൂഗിള്‍ യങ് ജോയ് തുടങ്ങിയ സൈറ്റുകളില്‍ പണമിടപാട് നടത്തിയെന്നു സന്ദേശവും ലഭിച്ചു.

എന്നാല്‍ ഈ സമയത്ത് ഓപ്പറേഷന്‍ തിയറ്ററിലായിരുന്നു ഡോ. വീണ. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ബാങ്ക് അധികൃതര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുകയും ചെയ്തു. സംസ്ഥാനത്തിന് പുറത്തുനിന്നാണ് പണം തട്ടിയെടുത്തതെന്നാണ് പ്രാഥമിക സൂചന. മുമ്പും സമാനമായ തട്ടിപ്പ് തിരുവനന്തപുരത്ത് നടന്നിരുന്നു.