നാലാം വാർഷികത്തിൽ മോദിക്ക് ‘കുത്തുമായി’ നിതീഷ് കുമാർ

single-img
27 May 2018

കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനത്തെ പരോക്ഷമായി വിമർശിച്ച് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രംഗത്ത്. നോട്ട് നിരോധനം കൊണ്ട് എത്രപേർക്ക് ഗുണം ലഭിച്ചുവെന്നത് വ്യക്തമല്ലെന്ന് നിതീഷ് കുമാർ സംസ്ഥാനത്തെ ബാങ്കുകളുടെ യോഗത്തിൽ പറഞ്ഞു. സമൂഹത്തിൽ സ്വാധീനമുള്ളവർ വായ്പ എടുക്കുകയും മുങ്ങുകയും ചെയ്യുന്നത് പതിവാകുകയാണ്.

ബാങ്കിംഗ് സംവിധാനം പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനു പ്രത്യേക പദവി ലഭിക്കാതെ ബിഹാറിൽ സ്വകാര്യ നിക്ഷേപം അനുവദിക്കില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. മാത്രമല്ല, ചടങ്ങു കഴിഞ്ഞു പുറത്തുപോകുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചതുമില്ല.

നാലു വർഷം പൂർത്തിയാക്കിയതിൽ അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തവണ്ണം സർക്കാർ ഉയരുമെന്നാണു വിശ്വസിക്കുന്നതെന്നും നിതീഷ് പിന്നീട് ട്വിറ്ററിൽ കുറിച്ചു. സഖ്യകക്ഷിയാണെങ്കിലും ഇരു പാർട്ടിയിലെയും തലമുതിർന്ന നേതാക്കൾ തമ്മിൽ ഇപ്പോഴും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ട്.