നിപ്പ വൈറസിന്റെ ഉറവിടം ദുരൂഹം; 175 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി

single-img
27 May 2018

കോഴിക്കോട്ടും മലപ്പുറത്തുമായി 13 പേരുടെ മരണത്തിന് കാരണമായ നിപ്പ വൈറസിന്റെ ഉറവിടത്തെ കുറിച്ചുള്ള അവ്യക്തത തുടരുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട വളച്ചുകെട്ടി വീട്ടിൽ മൂസയുടെ കിണറ്റിലെ വവ്വാലിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കിണറിൽ നിന്ന് പിടികൂടിയ വവ്വാലിൽ നിപ്പ ബാധയില്ലെന്ന പരിശോധനാഫലം പുറത്തുവന്നതോടെ മറ്റ് സാദ്ധ്യതകൾ കൂടി തേടുകയാണ് ആരോഗ്യ വകുപ്പ്.

പശു, ആട്, പന്നി, മുയൽ എന്നിവയുടെ രക്ത, സ്രവ സാംപിളുകളിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയില്ല. പഴംതീനി വവ്വാലുകളിലാണ് മലേഷ്യയിലുൾപ്പെടെ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ സാംപിളുകൾ ശേഖരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പ്.

അതിനിടെ നിപ്പാ വൈറസ് ബാധയെന്ന സംശയത്തിൽ സംസ്ഥാനത്ത് 175 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ് പകർന്നത് ഒരേ കേന്ദ്രത്തിൽനിന്നാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.