നിപ്പാ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

single-img
27 May 2018

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. പാലാഴി സ്വദേശി എബിൻ (26) ആണ് മരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നിപ്പ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഒമ്പത് പേരെ കൂടി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളടക്കം 175 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു.

നിപ്പ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരും അവരുടെ വീടുകളില്‍ പോയവരുമായ വ്യക്തികളെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. പരമാവധി ജാഗ്രത പുലര്‍ത്തുക എന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
നിരീക്ഷണത്തിലുള്ള മുഴുവന്‍ പേരെയും നിപ്പ വൈറസ് ബാധ പരിശോധിക്കുന്നത് ആരോഗ്യവകുപ്പ് നിര്‍ത്തിവെച്ചു. രോഗലക്ഷണം ഇല്ലാത്ത ഇവരെ പരിശോധിച്ചാല്‍ ഫലം നെഗറ്റീവാകും എന്നതിനാലാണിത്. പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവരില്‍ നിന്നുള്ള സാമ്പിളുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്.