നീ ചെയ്തത് വളരെ നല്ല കാര്യമാണ്; ദുല്‍ഖറിനോട് മമ്മൂട്ടി

single-img
27 May 2018

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് മുകേഷും സിദ്ദിഖും. സ്‌ക്രീനിലെ സൗഹൃദം ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. നായര്‍ സാഹിബ് എന്ന ചിത്രത്തിന് ശേഷമാണ് മുകേഷും സിദ്ദിഖും അടുത്ത സൗഹൃദത്തിലാകുന്നത്. 30 വര്‍ഷങ്ങള്‍ക്കും ശേഷവും ആ സുഹൃദ്ബന്ധം തുടരുകയാണ്.

ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ സെറ്റിലാണെങ്കിലും കാരവനിലാണെങ്കിലും രണ്ട് പേരും എപ്പോഴും ഒന്നിച്ചായിരിക്കും. കൂടാതെ തമാശ പറഞ്ഞ് ഷൂട്ടിംഗ് സെറ്റ് ഒരു ആഘോഷമാക്കും. കഴിഞ്ഞ ദിവസം മുകേഷും സിദ്ദിഖും മഴവില്‍ മനോരമയുടെ നക്ഷത്ര തിളക്കം എന്ന പരിപാടിയില്‍ അതിഥികളായെത്തിയിരുന്നു. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ഇരുവരും മനസ് തുറന്നു. പഴയ സൗഹൃദം ഇപ്പോഴും തുടരുകയാണെന്ന് ഇവര്‍ പറഞ്ഞു.

രാമലീലയുടെ സെറ്റില്‍ ഞാനും സിദ്ദിഖും വിജയ രാഘവനുമൊക്കെ മുഴുവന്‍ സമയം ഒന്നിച്ചായിരുന്നു. അതു കൊണ്ട് തന്നെ മിസ്സിങ് ഒരിക്കലും ഫീല്‍ ചെയ്യില്ല. ഞങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരാള്‍ കൂടി കടന്നു വരുമ്പോള്‍ പഴയ തമാശകളും സംഭവങ്ങളുമൊക്കെ ഒരിക്കല്‍ കൂടി പെടിതട്ടിയെടുത്തു ആസ്വദിക്കുമെന്ന് മകേഷ് പറഞ്ഞു. അതോടൊപ്പം പുതിയ തലമുറയിലുള്ള ആളുകള്‍ക്കൊപ്പവും ഇതെല്ലാം ആസ്വാദിക്കുന്നുണ്ടാകും. എന്നാല്‍ ഞങ്ങളോട് ബഹുമാനത്തോട് കൂടി മാത്രമേ അവര്‍ സമീപിക്കുകയുള്ളുവെന്നും സിദ്ദിഖ് പറഞ്ഞു.

പരിപാടിക്കിടെ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും മുകേഷ് അനുഭവം പങ്കുവെച്ചു. ജോമോന്റെ സുവിശേഷം സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ഞാനും ഇന്നസെന്റ് ചേട്ടനും ദുല്‍ഖറും ഒരുമിച്ച് കുറച്ച് നേരം സംസാരിച്ചിരുന്നു. ദുല്‍ഖര്‍ അധികനേരം ഇരിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ രണ്ട് മണിക്കൂര്‍ നേരം ഞങ്ങള്‍ക്കൊപ്പം ഇരുന്ന് ദുല്‍ഖര്‍ കാര്യങ്ങള്‍ കേള്‍ക്കുകയും ചിരിക്കുകയും കുറച്ച് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു.

അതിന് ശേഷം എനിക്ക് മമ്മൂക്കയുടെ ഫോണ്‍ വന്നു. ദുല്‍ഖര്‍ ഇന്ന് നിങ്ങളുടെ കൂടെയിരുന്ന് കുറെ സംസാരിച്ചെന്നും തമാശയൊക്കെ പറഞ്ഞെന്നും അറിഞ്ഞു. ഞാന്‍ അവനോട് പറഞ്ഞു. നീ ചെയ്തത് വളരെ നല്ല കാര്യമാണ്. അവരുടെ അടുത്തിരുന്നു സംസാരിക്കണം.

സിനിമയുടെ ചരിത്രം അവര്‍ക്ക് അറിയുന്നതു പോലെ ആര്‍ക്കും അറിയില്ല. അതൊക്കെ ഇങ്ങനെ മാത്രമേ ഗ്രഹിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള സംസാരത്തില്‍ നിന്ന് മാത്രമേ നമ്മുടെ ജീവിതാനുഭവങ്ങളും പിന്നിട്ട വഴിയിലെ ദുര്‍ഘടങ്ങളുമൊക്കെ മറ്റുള്ളവര്‍ക്കും അറിയാന്‍ കഴിയൂ. ഇതു ഒരുപാട് ഗുണം ചെയ്യുമെന്നും മുകേഷ് പറഞ്ഞു.