ആരോഗ്യം ക്ഷയിച്ചതോടെ പുല്ലുവില പോലുമില്ല; മൃഗരാജന്റെ അന്ത്യനിമിഷങ്ങള്‍ ഹൃദയം തകര്‍ക്കുന്നത് (ചിത്രങ്ങള്‍)

single-img
27 May 2018

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലെ രാജാവായിരുന്നു ഒരു കാലത്ത് സ്‌കൈബെഡ് സ്‌കാര്‍ എന്ന സിംഹം. എന്നാല്‍ ഇന്ന് ആ പഴയ മൃഗരാജന്റെ അന്ത്യനിമിഷങ്ങളിലെ ചിത്രങ്ങള്‍ കാഴ്ചക്കാരുടെ ഹൃദയത്തില്‍ വിങ്ങലുണ്ടാക്കുകയാണ്. നല്ല കാലത്ത് കാഴ്ചയിലെ ഗാംഭീര്യം കൊണ്ട് മറ്റ് മൃഗങ്ങളെയടക്കം ഭയപ്പാടോടെ നിര്‍ത്തിയിരുന്ന മൃഗരാജന്റെ അവസ്ഥ ഇന്ന് തീര്‍ത്തും പരിതാപകരമായി. എല്ലും തോലുമായി ശരീരം. സ്‌കൈബഡ് സ്‌കാര്‍ മരണത്തിലേക്ക് വീണുപോകുന്നതാണ് ചിത്രങ്ങളിലുള്ളത്.

ഫോട്ടോഗ്രഫറായ ലാറി ആന്റണിയാണ് സ്‌കൈബെഡ് സ്‌കാറിന്റെ അവസാന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സിംഹത്തിന്റെ ദയനീയത സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ഈ അനുഭവത്തെക്കുറിച്ച് ലാറി ആന്റണി പറയുന്നത്. ഒട്ടുമിക്ക മൃഗരാജാക്കന്‍മാരുടെയും അവസ്ഥ ഇതുതന്നെയാണ്. ആരോഗ്യം ക്ഷയിച്ചാല്‍ തന്റെ അനുയായികള്‍ തന്നെ ആണ്‍ സിംഹത്തെ ചവിട്ടി പുറത്താക്കും.

മിക്കവാറും യുവാവും കരുത്തനുമായ ഒരു ആണ്‍ സിംഹത്തോടു തോറ്റാകും മുന്‍രാജാവിന്റെ പതനത്തിന് തുടക്കമാകുന്നത്. ഇതോടെ ആണ്‍സിംഹത്തിന്റെ കൂട്ടത്തിലെ അംഗങ്ങളായ പെണ്‍സിംഹങ്ങള്‍ പുതിയ ജേതാവിനൊപ്പം കൂടും. ഒറ്റയ്ക്ക് വേട്ടയാടുക എന്നത് ഒരു സിംഹത്തിന്റെ ആരോഗ്യം നശിച്ച അവസ്ഥയില്‍ സാധ്യമല്ല.

മാത്രമല്ല ഒരു സിംഹക്കൂട്ടത്തെ നയിക്കുന്ന ആണ്‍സിംഹത്തിനാകട്ടെ പെണ്‍സിംഹങ്ങള്‍ കൊണ്ടുവരുന്ന ഭക്ഷണം തിന്നായിരിക്കും മിക്കവാറും ശീലം. ഭക്ഷണം ലഭിക്കാതെ അവശനാകുന്നതോടെ സിംഹം മെലിയാന്‍ തുടങ്ങും. ആരോഗ്യം നഷ്ടപ്പെടുന്നതോടെ മറ്റ് മൃഗങ്ങള്‍ക്കും ഭയമില്ലാതാകും. ഇത്തരത്തില്‍ മറ്റ് ജീവികളുടെ ആക്രമണത്തിലേറ്റ പരിക്കുകളെല്ലാം സ്‌കൈബെഡ് സ്‌കാറിന്റെ ശരീരത്തിലും കാണാമായിരുന്നു.