‘ഞാൻ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്’: ജയലളിതയുടെ മരണത്തിനു മുൻപുള്ള ശബ്ദരേഖകൾ പുറത്ത്

single-img
27 May 2018

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുൻപുള്ള ശബ്ദരേഖകൾ പുറത്ത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷൻ ജസ്റ്റിസ് അറുമുഖസ്വാമിയാണ് ശബ്ദരേഖകൾ മാധ്യമങ്ങൾക്ക് കൈമാറിയത്. 2016ൽ അവസാനമായി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്.

1.07 മിനിറ്റുള്ള ഓഡിയോ ക്ലിപ്പാണു പുറത്തുവന്നത്. ഓഡിയോയിൽ ഉടനീളം ആശുപത്രി മോണിട്ടറിന്റെ ‘ബീപ്’ ശബ്ദവും കേൾക്കാം. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞു കൊണ്ടാണു തുടക്കം. ‘(ശ്വാസമെടുക്കുമ്പോൾ) എന്റെ ചെവിയിൽ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്. തിയേറ്ററുകളിൽ കാഴ്ചക്കാർ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണത്– ഓഡിയോയിൽ ജയലളിത പറയുന്നു. ശ്വാസമെടുക്കുന്നതിനിടെ ഉണ്ടാകുന്ന ശബ്ദം റെക്കോർഡ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടോയെന്നും അവർ ചോദിക്കുന്നുണ്ട്. ഇല്ലെങ്കിൽ അക്കാര്യം വിട്ടുകളയാനും ഡോക്ടറോടു പറയുന്നുണ്ട്.

രണ്ടാമത്തെ റെക്കോർഡിങ് 33 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. താൻ ജയലളിതയുടെ ശ്വാസോച്ഛോസം റെക്കോർഡ് ചെയ്തെന്നും പേടിക്കാനൊന്നുമില്ലെന്നും അതിൽ ഡോ. ശിവകുമാർ പറയുന്നുണ്ട്. ജയലളിത പറഞ്ഞതിനു പിന്നാലെ താൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെന്നും ശിവകുമാർ വ്യക്തമാക്കുന്നുണ്ട്.

തന്റെ രക്തസമ്മർദം എത്രയാണെന്നു ഡ്യൂട്ടി ഡോക്ടറോടു ജയലളിത ചോദിക്കുന്നതും അവർ നൽകുന്ന ഉത്തരവുമാണ് റെക്കോർഡ് ചെയ്തിട്ടുള്ളതിലൊന്ന്. 140 ആണു രക്തസമ്മർദം എന്നും അത് ഉയർന്ന തോതാണെന്നും ഡോക്ടർ പറയുന്നു. പിന്നീട് 140/80 ആണെന്നു പറയുമ്പോൾ അതു തനിക്ക് ‘നോർമൽ’ ആണെന്നു ജയലളിത പറയുന്നതായി ഓഡിയോയിൽ കേൾക്കാം. ആശുപത്രിയിലായിരിക്കെ ജയലളിതയ്ക്കു കനത്ത ശ്വാസതടസ്സം ഉണ്ടായിരുന്നതായും വ്യക്തമാണ്. തുടർച്ചയായി ചുമച്ചു കൊണ്ടായിരുന്നു ജയയുടെ സംസാരം.

ആശുപത്രിയിൽ ജയലളിതയുടെ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാറാണു കമ്മിഷനു ശബ്ദരേഖകൾ കൈമാറിയത്. ആശുപത്രിയിലെ ജയലളിതയുടെ സംഭാഷണങ്ങളെല്ലാം ശബ്ദരേഖയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം ആർകെ നഗറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുള്ള ജയലളിതയുടെ ദൃശ്യങ്ങള്‍ ടി.ടി.വി. ദിനകരന്‍ വിഭാഗം പുറത്തുവിട്ടിരുന്നു.