ആശുപത്രികളില്‍ രോഗികള്‍ക്ക് കാവലിരിക്കുന്നത് തെരുവ് നായ്ക്കള്‍; ആരോഗ്യ രംഗത്ത് യുപിയെ മാതൃകയാക്കാന്‍ പറഞ്ഞ യോഗിയുടെ നാട്ടിലെ കാഴ്ച…

single-img
27 May 2018

കട്ടിലില്‍ രോഗികള്‍, ചുറ്റും തെരുവ് നായ്ക്കള്‍. യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്ഥാനത്തിലെ ആശുപത്രികളുടെ സ്ഥിതി ഞെട്ടിപ്പിക്കുന്നത്. രോഗികളെ അഡ്മിറ്റ് ചെയ്തതിന്റെ താഴെ തെരുവു നായകളും കഴിയുന്ന കാഴ്ച എഎന്‍ഐയാണ് പുറത്തു വിട്ടത്. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ അലിഗഡിലെ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം നായ ഭക്ഷണമാക്കിയ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുമ്പാണ് പുതിയ ചിത്രങ്ങള്‍.

ഹര്‍ദോയി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ചിത്രങ്ങളാണ് എ.എന്‍.ഐ പുറത്ത് വിട്ടത്. വാര്‍ഡിലെ കട്ടിലുകള്‍ക്കിടയിലുള്ള സ്ഥലത്തും കട്ടിലിനടിയിലുമാണ് നായ്ക്കള്‍ കിടക്കുന്നതായി ചിത്രത്തിലുള്ളത്. ആശുപത്രിയില്‍ കഴിയുന്നത് ഭയന്നാണെന്നും അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് ഓടിച്ചുവിടാമല്ലോ എന്നുമാണ് മറുപടി ലഭിച്ചതെന്ന് രോഗികള്‍ പറയുന്നു. നഴ്സ്മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും നായ്ക്കളുടെ ശല്യം ഉണ്ടാകാറുണ്ടെന്നും രോഗികള്‍ വ്യക്തമാക്കി.

ഹര്‍ദോയിയില്‍ നിന്ന് 55 കി.മി അകലെ സീതാപൂരില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 14 പേര്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച വാര്‍ത്തയില്‍ വിവാദം തുടരുന്നതിനിടെയാണ് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ഈ മാസം മാത്രം സീതാപൂരില്‍ എട്ടുപേരാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്.