മോദി സര്‍ക്കാരിന് കീഴില്‍ ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവെന്ന് ആര്‍ബിഐ

single-img
27 May 2018

രണ്ടാം യുപിഎ സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവെന്ന് ആര്‍ബിഐ. യുപിഎ സര്‍ക്കാരിന് കീഴില്‍ ബാങ്ക് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 22,000 കോടി രൂപയാണെങ്കില്‍ മോദി സര്‍ക്കാരിന് കീഴില്‍ നഷ്ടമായത് 77,000 കോടി രൂപയില്‍ അധികമാണ്. അതായത് ഏതാണ്ട് 55,000 കോടി രൂപയുടെ വര്‍ദ്ധനവ്.

സാമ്പത്തിക വിദഗ്ധനും ആക്ടിവിസ്റ്റുമായ പ്രസന്‍ജിത്ത് ബോസ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് ആര്‍ബിഐ ബാങ്ക് തട്ടിപ്പുകളുടെ കണക്ക് നല്‍കിയത്. ബാങ്ക് തട്ടിപ്പുകളുടെ 88 ശതമാനവും നടന്നു കൊണ്ടിരിക്കുന്നത് പൊതുമേഖലാ ബാങ്കുകളില്‍നിന്നാണ് എന്നത് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പൊതുമേഖലാ ബാങ്കുകളില്‍നിന്ന് മാത്രം നഷ്ടപ്പെട്ടത് 68,350 കോടി രൂപയാണ്.

സ്വകാര്യ ബാങ്കുകളില്‍നിന്ന് നഷ്ടമായത് 7,774 കോടി രൂപയും. ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 9,193 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ നഷ്ടമായിരിക്കുന്നത് 77,521 കോടി രൂപയും (ഏപ്രില്‍ 2014 മുതല്‍ മാര്‍ച്ച് 2018 വരെയുള്ള കണക്ക്). രണ്ടാം യുപിഎയുടെ കാലത്ത് നഷ്ടപ്പെട്ടത് 22,441 കോടി രൂപയെന്നും റിപ്പോർട്ടിൽ പറയുന്നു.