കടക്കാരനെ വാൾ കാട്ടി വിരട്ടി പണം തട്ടിയ കേസിൽ ഇരുപതുകാരി പിടിയിൽ

single-img
27 May 2018

ഗുജറാത്തിലെ സൂറത്തിൽ സുഹൃത്തിനൊപ്പം എത്തി കടക്കാരനെ വാൾ കാട്ടി വിരട്ടി പണം തട്ടിയ കേസിൽ ഇരുപതുകാരി പിടിയിൽ. ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന അസ്മിത ഗോഹിൽ ആണു സുഹൃത്തിനൊപ്പം പിടിയിലായത്. ഇവർ പണം തട്ടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതു തെളിവായി. നീളൻ വാൾ വീശി വിരട്ടി തട്ടിയെടുത്തതാകട്ടെ 500 രൂപയും. എന്നാൽ നേരത്തേ ഇവർക്കെതിരെ ഉണ്ടായിരുന്ന കേസുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

ഇതിനു മുൻപ് ഹോളി ആഘോഷത്തിനിടെ സുഹൃത്ത് സ‍ഞ്ജയ്ക്കൊപ്പം വാൾ വീശി പണം വാങ്ങുന്ന അസ്മിതയുടെ ദൃശ്യങ്ങളും വൈറലായിരുന്നു. ഈ കേസിൽ ഇരുവരും പിടിയിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ബൈക്ക് യാത്രികനെ വാൾ കാട്ടി വിരട്ടിയതിന്റെ പേരിലും കേസുണ്ട്. അന്ന് കാലിയ എന്ന സുഹൃത്തായിരുന്നു അസ്മിതയ്ക്കൊപ്പം.

സമൂഹമാധ്യമങ്ങളിൽ ‘ഡിക്കു’ എന്ന പേരിലും പ്രശസ്തയാണ് അസ്മിത. 20 വയസ്സിനിടെ ഇതിനോടകം ഒട്ടേറെ കേസുകളിൽ പ്രതിയായി. ഏറെയും പണം തട്ടിയെടുത്തതിന്റെ പേരിൽ. ആൺസുഹൃത്തിനൊപ്പമാണു ജീവിതം. സ്ഥിരം കേസുകളില്‍ പെട്ടതോടെ വീട്ടുകാരും ഉപേക്ഷിച്ചു. സുഹൃത്തിനൊപ്പം ബൈക്കിലെത്തിയാണ് സൂറത്തിലെയും പണംതട്ടൽ.