എസ്പി-ബിഎസ്പി സഖ്യം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തലവേദനയാകുമെന്ന് അമിത് ഷാ

single-img
26 May 2018

ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍, അമേത്തിയും റായ്ബറേലിയും അടക്കമുള്ളയിടങ്ങളില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബിജെപിക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ബിജെപിക്ക് ആഗ്രഹമില്ല. എന്‍ഡിഎയില്‍നിന്ന് അവരെ പുറത്താക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല. എല്ലാം അവരുടെ ഇഷ്ടം. അവര്‍ പുറത്തുപോകുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയുമായിരിക്കും ഏറ്റുമുട്ടുന്നത്. ഏത് സാഹചര്യത്തെയും സ്വാഗതം ചെയ്യുന്നെന്നും അമിത് ഷാ പറഞ്ഞു.

2019 തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ എന്‍ഡിഎയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളില്‍ ശക്തിയുള്ള പാര്‍ട്ടികളെ ഒന്നിപ്പിച്ചാണ് സഖ്യമുണ്ടാക്കുന്നത്. എന്നാല്‍, അവര്‍ ഒന്നിച്ചു നിന്നാലും എന്‍ഡിഎയെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 80 സീറ്റുകളില്‍ കൂടി ഇത്തവണ ബിജെപി വിജയിക്കും. പശ്ചിമബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.