മോദി സർക്കാർ ഇന്ന് നാലു വർഷം പൂർത്തിയാക്കുന്നു: തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം പോലും പാലിക്കാതെ

single-img
26 May 2018

നരേന്ദ്രമോദി സർക്കാർ ഇന്ന് നാലു വർഷം പൂർത്തിയാക്കുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന റാലി ഇന്ന് ഒഡീഷയിലെ കട്ടക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയിൽ പങ്കെടുക്കും. കിഴക്കേ ഇന്ത്യയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നാലാം വാർഷികാഘോഷം ബിജെപി ഒഡീഷയിലാക്കിയത്.

ദില്ലിയിൽ സർക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കാൻ പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ വാർത്താസമ്മേളനം നടത്തും. അതിനിടയിൽ ഇന്ന് വഞ്ചനാദിനമായി ആചരിക്കാൻ കോൺഗ്രസ് ആഹ്വാനം നല്കിയിട്ടുണ്ട്.

ഇതിനോടനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കും.ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രിയെ രാഹുൽഗാന്ധി നേരത്തെ വെല്ലുവിളിച്ചിരുന്നു.

അതേസമയം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലേറും മുമ്പ് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇന്ധനവില പിടിച്ചുനിര്‍ത്തുമെന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റോക്കറ്റ് വേഗത്തില്‍ കുതിച്ചുകയറിയ പെട്രോള്‍, ഡീസല്‍ വിലയെ വജ്രായുധമാക്കിയായിരുന്നു മോദി അധികാരത്തിലെത്തിയത്.

അതും പെട്രോള്‍ വില 60 രൂപയില്‍ താഴെ പിടിച്ചുനിര്‍ത്തുമെന്ന വാഗ്ദാനം നല്‍കി. എന്നാല്‍ മോദി സര്‍ക്കാര്‍ ഭരണത്തിലേറി നാലു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കിലാണുള്ളത്. ലിറ്ററിന് 80 രൂപയിലേറെയാണ് വില.

ഇന്ധനവില വര്‍ധിക്കുന്നതില്‍ മോദിക്ക് ചില സാമ്പത്തികശാസ്ത്രങ്ങളെയൊക്കെ കൂട്ടുപിടിക്കാനുണ്ടെങ്കിലും പൊതുജനത്തിന്റെ ഒരു നിസാര ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. എങ്ങനെയാണ് നമ്മുടെയൊക്കെ അയല്‍രാജ്യങ്ങളില്‍ ഇന്ത്യയിലേതിനേക്കാള്‍ കുറഞ്ഞവിലക്ക് പെട്രോള്‍ വില്‍ക്കാന്‍ കഴിയുന്നത്.

തുടര്‍ച്ചയായി 13 ാം ദിവസവും ഇന്ധന വില വര്‍ധിച്ചപ്പോള്‍ മുംബൈയില്‍ പെട്രോള്‍ വില 86 രൂപക്ക് അടുത്തെത്തി. ഡീസല്‍ വില 73 രൂപക്കടുത്തും. ഭീമമായ നികുതി ചുമത്തി പൊള്ളുന്ന വിലയില്‍ ഇന്ധനം വില്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാരിന് കുലുക്കമില്ല. ഇതേസമയം, നമ്മുടെ അയല്‍ രാജ്യങ്ങള്‍ താരതമ്യേന കുറഞ്ഞ വിലയിലാണ് പെട്രോള്‍ വില്‍ക്കുന്നത്.