മ്മ്‌ടെ രാഗം വീണ്ടും വരുന്നു

single-img
26 May 2018

2015ലായിരുന്നു തൃശൂരിന്റെ അടയാളമായ രാഗം തീയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം സ്വരാജ് റൗണ്ടിലെ ‘രാഗം’ അഥവാ ‘ജോര്‍ജേട്ടന്‍സ് രാഗം’ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയാണ്. പുത്തന്‍ സാങ്കേതിക വിദ്യകളുമായാണ് തീയറ്റര്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്.

70 എംഎം സ്‌ക്രീന്‍, ഫോര്‍കെ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യയോടെയാണ് തീയറ്റര്‍ ഒരുക്കിയിരിക്കുന്നത്. 1218 സീറ്റുകളുണ്ട്.ജൂണ്‍ 7ന് റിലീസ് ചെയ്യുന്ന രജനി ചിത്രം ‘കാല’യാണ് ഉദ്ഘാടനചിത്രം.

40 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു രാഗം തീയറ്റര്‍ 2015ല്‍ പ്രദര്‍ശനം അവസാനിപ്പിച്ചത്. ഈ തീയറ്ററിനെ കുറിച്ച് നേരത്തെ ‘മ്മ്‌ടെ രാഗം’ എന്ന ഹ്രസ്വചിത്രം ഒരുകൂട്ടം ചെറുപ്പക്കാര്‍ പുറത്തിറക്കിയിരുന്നു. ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

1974 ആഗസ്ത് 24 നാണ് ‘രാഗ’ത്തില്‍ ആദ്യ സിനിമ പ്രദര്‍ശിപ്പിച്ചത്. രാമു കാര്യാട്ടിന്റെ ‘നെല്ല്’ ആയിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ തീയറ്ററിലെത്തി.
ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം ‘തച്ചോളി അമ്പു’, ആദ്യത്തെ 70 എംഎം ചിത്രം ‘പടയോട്ടം’, ആദ്യത്തെ ത്രീഡി സിനിമ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ‘ഷോലെ’, ‘ബെന്‍ഹര്‍’, ‘ടൈറ്റാനിക്’ തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തുടങ്ങുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം. അന്നത്തെ കാലത്തെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച തീയറ്റര്‍ ആണ് രാഗം.