വീഡിയോകോണ്‍ വായ്പാ തട്ടിപ്പ്:ഐ.സി.ഐ.സി.ഐ. ബാങ്ക് എം.ഡി ചന്ദ കൊച്ചാറിന് സെബിയുടെ നോട്ടീസ്

single-img
26 May 2018

മുംബയ്: എെ.സി.എെ.സി.എെ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ചന്ദ കൊച്ചാറിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ ( സെബി ) നോട്ടീസ് അയച്ചു.ചന്ദാ കൊച്ചാറിന് പുറമെ ഐ.സി.ഐ.സി.ഐ. ബാങ്കിനും സെബി നോട്ടീസ് നല്‍കിയിട്ടുണ്ട്.

വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് വഴിവിട്ട് 3,250 കോടി രൂപയുടെ വായ്പ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. 2008 ഡിസംബറില്‍ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂതും ചേര്‍ന്ന് ‘നുപവര്‍ റിന്യൂവബിള്‍സ്’ എന്ന പേരില്‍ പാരമ്ബര്യേതര ഊര്‍ജ കമ്ബനിയുണ്ടാക്കി. ഇതില്‍ ഇരുകൂട്ടര്‍ക്കും തുല്യപങ്കാളിത്തമായിരുന്നു.

ബാങ്കും അതിന്റെ ഉന്നത ഉദ്യോഗസ്ഥരും സെബിയെ കബളിപ്പിച്ചുവെന്ന സംശയത്തെത്തുടര്‍ന്നാണ് ഏറ്റവുമൊടുവില്‍ ചന്ദ കൊച്ചാറിന് നോട്ടീസ് അയച്ചത്. ചന്ദ കൊച്ചാറും ഭര്‍ത്താവും വീഡിയോകോണ്‍ ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തിയ ചില ഇടപാടുകള്‍ ബാങ്കിന്റെ ബോര്‍ഡ് മുന്‍പാകെ വെളിപ്പെടുത്തിയില്ലെന്നാണ് സെബിയുടെ നിഗമനം.

കേസ് സി.ബി.ഐ. അന്വേഷിച്ചുവരികയാണ്. ഇതിനിടെയാണ് സെബിയുടെ ഭാഗത്തുനിന്നുള്ള നടപടി. നോട്ടീസിന് നിയമവിധേയമായി മറുപടി നല്‍കണമെന്ന് സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കും അതിന്റെ മേധാവി ചന്ദാ കൊച്ചാറും പ്രത്യേകം മറുപടി നല്‍കേണ്ടിവരും.