പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ തീയറ്റര്‍ ഉടമകള്‍ മടിക്കുന്നുവെന്ന് ആസിഫ് അലി

single-img
26 May 2018

പുതുമുഖങ്ങളുടെ സിനിമകള്‍ക്ക് തീയറ്റര്‍ ലഭിക്കാന്‍ ഇക്കാലത്ത് വളരെ ബുദ്ധിമുട്ട് നേരിടുന്നതായി നടന്‍ ആസിഫ് അലി. ജനപ്രീതിയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് എപ്പോഴും തീയറ്ററുകള്‍ നടത്തുന്നവര്‍ക്ക് താത്പര്യമെന്നും ആസിഫ് പറഞ്ഞു. പുതിയ ചിത്രം ബി ടെകിന്റെ പ്രചാരണാര്‍ത്ഥം എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

”ജനപ്രീതിയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് എപ്പോഴും തീയറ്ററുകള്‍ നടത്തുന്നവര്‍ക്ക് താത്പര്യം. പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ പൊതുവെ തീയറ്റര്‍ ഉടമകള്‍ മടിക്കുന്നു. പണം മുടക്കി തീയറ്ററിലെത്തുന്നവര്‍ താരങ്ങളുടെ ചിത്രം കാണാന്‍ ഇഷ്ടപ്പെടുന്നതാകാം തീയറ്റര്‍ ഉടമകളെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. ഇതുമൂലം ഒട്ടനവധി നല്ല ചെറുചിത്രങ്ങള്‍ പ്രേക്ഷകരിലെത്തുന്നില്ല.” ആസിഫ് പറയുന്നു.

ബിടെകില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അഭിനയിച്ചിട്ടുള്ളത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്തത്. മാക്ട്രോ പിക്ചേഴ്സാണ് ബിടെകിന്റെ നിര്‍മ്മാണവും വിതരണവും.