ശമ്പളം വേണമെങ്കില്‍ കക്കൂസിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ ഹാജരാക്കണം;യു.പിയില്‍ അപൂര്‍വ ഉത്തരവ്​

single-img
26 May 2018

സീതാപുര്‍:സ്വന്തം വീടുകളില്‍ കക്കൂസ് നിര്‍മിച്ചിട്ടുള്ളതായി വ്യക്തമാക്കുന്നതിന് തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ശമ്പളം തടഞ്ഞുവെക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്. സിതാപൂര്‍ ജില്ല മജിസ്​ട്രേറ്റാണ്​ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വച്ഛ്​ ഭാരത്​ മിഷ​​​ന്റെ കാര്യക്ഷമത ഉറപ്പാക്കാനായി ഇത്തരത്തില്‍ ഒരു ഉത്തരവിറക്കിയത്​. കൂടാതെ ഓരോ വീട്ടിലും ശൗചാലയം ഉണ്ടെന്ന്​ ഉറപ്പിക്കുന്നതിനായി ശൗചാലയമുണ്ടെന്ന സര്‍ട്ടിഫിക്കറ്റും തെളിവായി സമര്‍പ്പിക്കണമെന്നും മജിസ്​ട്രേറ്റിന്‍റെ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് പാലിക്കാതിരിക്കുകയോ കക്കൂസ് നിര്‍മിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്നവരുടെ മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓരോ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ വീടുകളില്‍ ശൗചാലയം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. സീതാപുര്‍ ജില്ലാ കളക്ടര്‍ ശീതള്‍ വര്‍മയുടേതാണ് ഉത്തരവ്.