ബി.ജെ.പിയെ ബ്രീട്ടീഷ് ജനതാ പാര്‍ട്ടിയെന്ന് പേര് മാറ്റണം: എം.എം.ഹസന്‍

single-img
26 May 2018

ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നടത്തുന്ന ബി.ജെ.പിയെ ബ്രട്ടീഷ് ജനതാ പാര്‍ട്ടിയെന്ന് പേരുമാറ്റണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. എ.ഐ.സി.സിയുടെ ആഹ്വാന പ്രകാരം മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ബ്രട്ടീഷുകാരുടെ പ്രേതബാധയേറ്റ പോലെയാണ് മോദിയുടെ ഭരണം. നാലുവര്‍ഷത്തെ ഭരണം ജനങ്ങള്‍ക്ക് ദുര്‍ദിനങ്ങളാണ്. അച്ഛാദിന്‍ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്. ഇന്ധവില വര്‍ധനവിന്റെ മറവില്‍ കോര്‍പ്പറേറ്റുകള്‍ കോടികള്‍ കൊയ്യുന്നു. നികുതിയുടെ പേരില്‍ കൊള്ള നടത്തുന്നു. ജി.എസ്.ടിയും നോട്ട് നിരോധനവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തു. വിലക്കയറ്റത്തില്‍ ജനങ്ങള്‍ വലയുന്നു. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ വാഗ്ദാനം നല്‍കി അധികാരിത്തിലെത്തിയ മോഡി നാലുവര്‍ഷം കൊണ്ട് 8 ലക്ഷം യുവാക്കള്‍ക്കു പോലും തൊഴില്‍ നല്‍കിയില്ല.
ഫാസിസ്റ്റ് ഭരണ ശൈലിയാണ് മോഡിയുടേത്. ഭക്ഷണത്തിന്റെ പേരില്‍ ആളെ കൊല്ലുന്നു. ദളിതരേയും ന്യൂനപക്ഷങ്ങളേയും വേട്ടയാടുന്നു. കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നു. മോദിയുടെ നാലുവര്‍ഷത്തെ ഭരണത്താല്‍ ജനജീവീതം ദുസഹമായെന്നും എം.എം.ഹസന്‍ പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനത്ത് നിന്നും രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് പങ്കുചേര്‍ന്നത്.
ഡി.സി.സികളുടെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപന ങ്ങളുടെ മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.സി.സി. ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോടും, മലപ്പുറത്തും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജില്ലയിലും പ്രതിഷേധകൂട്ടായ്മ നടന്നില്ല. വയനാട്ടില്‍ മേയ് 29 ന് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, മുന്‍ എം.എല്‍.എ മാരായ പാലോട് രവി, വര്‍ക്കല കഹാര്‍, വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താാന്‍ കെ.പി.സി.സി സെക്രട്ടറിമാരായ പി.എ. സലീം, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.