“എന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് ആ നടി തീര്‍ത്തു പറഞ്ഞു; സംവിധായകന്‍ കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല”

single-img
25 May 2018

നയന്‍താര നായികയായ കൊളമാവ് കോകിലയിലെ ‘കല്യാണ വയസ്സ്’എന്ന പാട്ട് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. പാട്ടിലെ താരമായ യോഗി ബാബുവും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്.

നെല്‍സണ്‍ ദിലീപ് ആണ് ചിത്രം ഒരുക്കുന്നത്. കല്യാണ വയസ്സ് തരംഗമാകുമ്പോള്‍ സിനിമയിലൂടെയുള്ള തന്റെ യാത്ര എളുപ്പമായിരുന്നില്ലെന്നാണ് യോഗി പറയുന്നത്. നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ യോഗിയുടെ കഥാപാത്രം ശ്രമിക്കുന്നതാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്.

അതിനായി കോകില പോകുന്ന വഴിയിലെല്ലാം അയാള്‍ കാത്തുനില്‍ക്കുന്നു. എന്നാല്‍ ഉള്‍വലിഞ്ഞ സ്വഭാവമുള്ള കോകില അയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുഖത്തേക്ക് നോക്കുന്നില്ല. എന്നാല്‍ വലിയ എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല. ഇതാണ് പാട്ടിന്റെ ഇതിവൃത്തം.

അതേസമയം തന്റെ ജീവിതത്തില്‍ കടുത്ത മാനസിക വിഷമം ഉണ്ടാക്കിയ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് യോഗിയുടെ വെളിപ്പെടുത്തല്‍. അതിലൊന്ന് തമിഴിലെ ഒരു മുന്‍നിര നായികയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും യോഗി പറഞ്ഞു.

‘എന്റെ മുന്‍ സിനിമകളിലൊന്നില്‍ നായിക എന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. പക്ഷേ ആ നടി വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. ആ സിനിമയിലെ ഒരു തമാശ രംഗത്തില്‍ അത് അനിവാര്യമായിരുന്നു.

സംവിധായകന്‍ കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല. തെന്നിന്ത്യയിലെ ഒരു മുന്‍നിര നായികയാണവര്‍’, യോഗി പറഞ്ഞു. കൊളമാവ് കോകിലയില്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. ഓരോ രംഗം ചിത്രീകരിക്കുമ്പോഴും നയന്‍താര നല്ല പിന്തുണ നല്‍കി.

നയന്‍താരയോട് എനിക്ക് ശരിക്കും പ്രണയം തോന്നി യോഗി പറഞ്ഞു. തമിഴിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായി മാറിയിരിക്കുകയാണ് യോഗി. വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലടക്കം മുപ്പതോളം സിനിമകളിലാണ് ഈ വര്‍ഷം യോഗി വേഷമിടുന്നത്.