എസ്ബിഐയുടെ പകല്‍ക്കൊള്ള ‘പൊളിച്ചടുക്കി’ പാലക്കാട് സ്വദേശി: അനാവശ്യമായി ഈടാക്കിയ തുക വിവരാവകാശ പ്രകാരം ചോദ്യം ചെയ്ത് തിരികെ അക്കൗണ്ടിലെത്തിച്ചു

single-img
25 May 2018

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് നിത്യേന നിരവധി പരാതികളാണ് ഉയര്‍ന്നു വരാറുള്ളത്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് ബാങ്ക് കോടികള്‍ പിടിച്ചെടുത്തത് വലിയ വിവാദത്തിനും വഴിവെച്ചിരുന്നു. ഇതിനു പുറമെ പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞും എസ്ബിഐ ഉപഭോക്താക്കളെ ചൂഷണം ചെയ്യാറുണ്ട്.

ചെറിയ തുക അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടാല്‍ പലരും പരാതി പറയാന്‍ പോകാറുമില്ല. എന്നാല്‍ പാലക്കാട് നെന്മാറ സ്വദേശി തന്റെ അക്കൗണ്ടില്‍ നിന്ന് 231 രൂപ അനാവശ്യമായി ബാങ്ക് പിടിച്ചെടുത്തപ്പോള്‍ അതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി.

ഇതോടെ ബാങ്ക് ‘പത്തി മടക്കി’ 231 രൂപ തിരികെ നല്‍കി. 2018 മാര്‍ച്ച് ഒന്നിനാണ് അക്കൗണ്ടില്‍ നിന്ന് 231 രൂപ പിടിച്ചതായി നെന്മാറ സ്വദേശിക്ക് ബാങ്കില്‍ നിന്ന് സന്ദേശം വരുന്നത്. ഇതേത്തുടര്‍ന്ന് എന്തടിസ്ഥാനത്തിലാണ് 231 രൂപ പിടിച്ചതെന്നറിയാന്‍ ബാങ്കിന് പരാതി നല്‍കി.

എന്നാല്‍ ബാങ്കിന്റെ നിയമാവലി പ്രകാരമാണ് പണം പിടിച്ചത് എന്നായിരുന്നു മറുപടി. വീണ്ടും പരാതി നല്‍കിയെങ്കിലും ഇതേ മറപടി തന്നെ ലഭിച്ചു. ഇതേത്തുടര്‍ന്ന് വിവരാവകാശ പ്രകാരം മറുപടി തേടി. കൂടുതല്‍ ബ്രാഞ്ച് ട്രാന്‍സാക്ഷന്‍ നടത്തിയതിനാലാണ് പണം പിടിച്ചത് എന്നായിരുന്നു ഇതിനു ലഭിച്ച മറുപടി.

എന്നാല്‍ ഇക്കാലയളവില്‍ താന്‍ ഒരു തവണ പോലും ബ്രാഞ്ച് സന്ദര്‍ശിച്ചിട്ടില്ലെന്നും അപൂര്‍ണമായ വിവരമാണ് തനിക്ക് വിവരാവകാശ പ്രകാരം നല്‍കതിയതെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ബാങ്കിനാണ് തെറ്റ് പറ്റിയതെന്ന് മനസ്സിലായത്.

ഇതോടെ ഈ തുക റീഫണ്ട് ചെയ്യാന്‍ ഉത്തരവിട്ടതായി മറുപടിയും ലഭിച്ചു. 231 രൂപ തനിക്ക് തിരിച്ചു കിട്ടിയതായി നെന്മാറ സ്വദേശി ‘ഇ വാര്‍ത്തയോട്’ പറഞ്ഞു. ആദ്യം നല്‍കിയ പരാതി അന്വേഷിക്കാതിരുന്നതാണ് ബാങ്കിന് ഇത്തരത്തില്‍ വലയൊരു വീഴ്ച വരാന്‍ ഇടയാക്കിയതെന്നും, ഇങ്ങനെയാണെങ്കില്‍ ഉപഭോക്താക്കളെ തട്ടിച്ച് കോടിക്കണക്കിനു രൂപയായിരിക്കും എസ്ബിഐ ഇതുവരെ നേടിയിരിക്കുക എന്നും അദ്ദേഹം പറഞ്ഞു.