കുമാരസ്വാമി ‘വിശ്വാസം നേടി’: ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

single-img
25 May 2018

ബിജെപി അംഗങ്ങളുടെ ബഹിഷ്‌കരണത്തിനിടെ കര്‍ണാടക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 117 എം.എല്‍.എമാര്‍ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയതായി സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ 104 അംഗങ്ങളും വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിശ്വാസ പ്രമേയം സഭയില്‍ അവതരിപ്പിച്ച് കൊണ്ട് കുമാരസ്വാമി നടത്തിയ പ്രസംഗത്തിന് മറുപടി പറഞ്ഞ ശേഷമാണ് യെദിയൂരപ്പ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. നേരത്തെ, സ്പീക്കര്‍ വോട്ടെടുപ്പില്‍ മല്‍സരിക്കാതെ ബി.ജെ.പി പിന്‍മാറിയിരുന്നു.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നതായി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. അച്ഛന്‍ ഗേവഗൗഡയെ പോലെ മതേതരവാദിയായ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചു. ബിജെ.പിയുമായുള്ള സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്തപാടാണെന്നും കുമാരസ്വാമി വ്യക്തമാക്കി.

സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചതിന് കോണ്‍ഗ്രസിന് കുമാരസ്വാമി നന്ദി പറഞ്ഞു. കര്‍ഷകര്‍ക്ക് തന്റെ പാര്‍ട്ടിയും കുടുംബവും എന്നും മുന്‍ഗണ നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കുമാരസ്വാമിക്ക് പിന്നാലെ സംസാരിച്ച യെദിയൂരപ്പ, ജെ.ഡി.എസിനെ പിന്തുണച്ചതില്‍ ഖേദിക്കുന്നതായും കുമാരസ്വാമി വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനെതിരെ ആഞ്ഞടിച്ച യെദിയൂരപ്പ, ശിവകുമാര്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, യെദിയൂരപ്പയുടെ തനിക്കെതിരായ പ്രസ്താവനക്ക് ചിരിക്കുക മാത്രമാണ് ശിവകുമാര്‍ ചെയ്തത്.