കേരളത്തില്‍ ഇന്നുമുതല്‍ കാറ്റും മഴയും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

single-img
25 May 2018

തിരുവനന്തപുരം: ഇന്നുമുതല്‍ കേരളത്തില്‍ കാറ്റും മഴയും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 29 വരെ ഇത് തുടരും. കന്യാകുമാരിക്കടുത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് മഴ കനക്കാന്‍ കാരണം. കാറ്റിന്റെ വേഗം മണിക്കൂറില്‍ 35-45 കിലോമീറ്ററായിരിക്കും.

അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ ഇന്ന് വൈകുന്നേരം വീണ്ടും മുന്നറിയിപ്പു നല്‍കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ തീരത്തിനടുത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി. ഇത് താഴ്ന്ന് സമുദ്രോപരിതലത്തിനടുത്ത് എത്തുമ്പോഴാണ് ന്യൂനമര്‍ദമായി മാറുന്നത്. ന്യൂനമര്‍ദം ശക്തിയാര്‍ജിച്ചാല്‍ ചുഴലിക്കാറ്റായും മാറും.
അതേസമയം വേനല്‍മഴ തകര്‍ത്ത് പെയ്യുകയാണ്, കേരളത്തില്‍ 20 ശതമാനം അധികം മഴ കിട്ടി. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 56, 53 ശതമാനം വീതം അധികം മഴ ലഭിച്ചു. എട്ട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് വേനല്‍മഴ.

തൃശ്ശൂരും ആലപ്പുഴയിലും മാത്രമാണ് അല്‍പ്പമെങ്കിലും മഴക്കണക്കില്‍ കുറവുള്ളത്. അതേസമയം കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുങ്ങി. വരുന്ന 48 മണിക്കൂറിനകം കാലവര്‍ഷക്കാറ്റ് ആന്‍ഡമാന്‍, നിക്കോബര്‍ ദ്വീപുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.