ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്കെതിരെ ബിജെപി: റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ സന്ദര്‍ശിച്ച ‘പ്രിയങ്ക ചോപ്ര ഇന്ത്യ വിടണം’

single-img
25 May 2018

ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുതെന്ന ആക്രോശവുമായി ഉത്തര്‍ പ്രദേശിലെ ബിജെപി നേതാവ് വിനയ് കാത്യാര്‍. റോഹിംഗ്യകളോട് സിമ്പതി തോന്നുന്നുണ്ടെങ്കില്‍ പ്രിയങ്ക ഇന്ത്യ വിടണമെന്നാണ് കത്യാര്‍ ആവശ്യപ്പെട്ടത്.

‘റോഹിംഗ്യകളുടെ യാഥാര്‍ത്ഥ്യം പ്രിയങ്ക ചോപ്രയെപ്പോലുള്ളവര്‍ക്ക് അറിയില്ല. അവര്‍ റോഹിംഗ്യകളെ കാണാന്‍ പോകാന്‍ പാടില്ലായിരുന്നു. റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ ഈ രാജ്യത്തിന്റെ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കരുത്. അവരോട് സിമ്പതി കാണിക്കുന്നവരെയും ഇവിടെ കഴിയാന്‍ അനുവദിക്കരുത്.’ കത്യാര്‍ എ.എന്‍.ഐയോടു പറഞ്ഞു.

യുണിസെഫിന്റെ ബാലാവകാശ ഗുഡ്‌വില്‍ അംബാസഡറായ പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിച്ചത്. ഇവര്‍ക്ക് അകമഴിഞ്ഞ പരിരക്ഷയും പിന്തണുയും നല്‍കണമെന്ന് സോഷ്യല്‍ മീഡിയ വഴി ഇവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപുകളിലൊന്നായ കോക്‌സ് ബസാറിലാണ് പ്രിയങ്ക സന്ദര്‍ശനം നടത്തിയത്.