ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ നെഞ്ചോടുചേര്‍ത്ത് രക്ഷിക്കുന്ന പൊലീസുകാരന്‍: വീഡിയോ വൈറല്‍

single-img
25 May 2018

https://www.youtube.com/watch?v=K8WB9Nb4WqI

ഉത്തരാഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും മുസ്ലീം യുവാവിനെ രക്ഷിക്കുന്ന സിഖ് പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗംഗന്ദീപ് സിങ് എന്ന പൊലീസ് ഓഫീസറാണ് സാമൂഹിക മാധ്യമങ്ങളില്‍ ഹീറോയായത്.

ഉത്തരാഖണ്ഡിലെ രാംനഗറില്‍ ഒരു ക്ഷേത്രത്തിന് സമീപമാണ് സംഭവം. പ്രണയത്തിലായിരുന്ന ഹിന്ദു യുവതിയും മുസ്‌ലിം യുവാവും ഈ ക്ഷേത്ര പരിസരത്തുവെച്ച് കഴിഞ്ഞ ദിവസം നേരില്‍ കാണാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ ഇരുവരും വ്യത്യസ്ത ജാതിക്കാരാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

പോലിസ് സാന്നിധ്യമുണ്ടായിട്ടും ജനക്കൂട്ടം യുവാവിനെ ആക്രമിക്കാന്‍ മുതിരുമ്പോള്‍ തന്റെ ശരീരത്തോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചുകൊണ്ട് യുവാവിനെ സംരക്ഷിക്കുകയായിരുന്നു പൊലീസ് ഓഫീസര്‍. ആള്‍ക്കൂട്ടം യുവാവിനോട് ഐഡി കാര്‍ഡ് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം.

യുവാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഗഗന്‍ ദീപിന്റെ നടപടിയെയും ആള്‍ക്കൂട്ടം ചോദ്യം ചെയ്യുന്നുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം യുവതിയെ ആക്രമിക്കുന്ന മറ്റൊരു ദൃശ്യവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. വീട്ടുകാര്‍ വിലക്കിയിട്ടും യുവതി കാമുകനെ കാണാനായി ക്ഷേത്രത്തിന് സമീപം എത്തുകയായിരുന്നുവെന്നും ഇവര്‍ പ്രായപൂര്‍ത്തിയായവരാണെന്നും പൊലീസ് പറഞ്ഞു. യുവാവിനെയും യുവതിയെയും പിന്നീട് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. യുവതിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.