നിപ്പ വൈറസ് മൂലം ഭര്‍ത്താവും മക്കളും ഈ ലോകത്തോട് യാത്ര പറഞ്ഞു; ഇപ്പോള്‍ സമൂഹവും ഒറ്റപ്പെടുത്തുന്നു; ഒന്നും മനസ്സിലാവാതെ മറിയം: ഈ കുടുംബത്തിലേക്ക് നിപ്പ വൈറസ് എത്തിയത് ഇങ്ങനെ….

single-img
25 May 2018

കോഴിക്കോട് പേരാമ്പ്രയില്‍ അപൂര്‍വ വൈറസ് ബാധ കണ്ടെത്തിയ പ്രദേശത്ത് മാത്രമല്ല, ചുറ്റുവട്ടത്തും കേരളമാകെയും അമ്പരപ്പിലാണ്. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്. കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയിലെ ചങ്ങരോത്ത് മൂസയുടെയും മറിയത്തിന്റെയും മക്കളായ സാബിത്തിനെയും സാലിഹിനെയുമാണ് ആദ്യം വൈറസ് കൊണ്ടുപോയത്.

അതിനു പിന്നാലെ ഭര്‍ത്താവ് മൂസയും മരിച്ചതോടെ ഭാര്യ മറിയവും ഏകമകനും ഒറ്റപ്പെടലിന്റെ നിസഹായതയിലാണ്. വളരെ സന്തോഷത്തില്‍ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ചങ്ങോരത്ത് മൂസയുടേത്. ഉപ്പയും ഉമ്മയും നാല് ആണ്‍മക്കളും അടങ്ങുന്ന കുടുംബം.

അഞ്ച് വര്‍ഷം മുന്‍പാണ് ആദ്യത്തെ ദുരന്തമെത്തിയത്. 2013ല്‍ വാഹനാപകടത്തില്‍ മൂന്നാമത്തെ മകന്‍ സലീം മരിച്ചു. ആ ദുരന്തത്തില്‍ മാനസികമായി തകര്‍ന്ന മറിയത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മക്കളാണ്. സൂപ്പിക്കടയിലെ വീട്ടില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ആപ്പറ്റ പുത്തനേടത്ത് വീടും സ്ഥലവും വാങ്ങിയത് അടുത്ത കാലത്താണ്.

പണിപൂര്‍ത്തിയായ പുതിയ വീട്ടിലേയ്ക്ക് മാറുന്നതിനു മുന്നോടിയായാണ് മൂസയും രണ്ടു മക്കളും ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങിയത്. കിണറ്റിലെ വവ്വാലുകള്‍ നിപ്പ വൈറസ് ഇവര്‍ക്ക് സമ്മാനിച്ചതോടെ മക്കളും പിതാവും ഈ ലോകത്തോട് യാത്ര പറഞ്ഞു. പനിബാധിച്ച കുടുംബത്തെ ശുശ്രൂഷിക്കാനെത്തിയ മൂസയുടെ സഹോദരിയും മരണത്തിനു കീഴടങ്ങി.

മൂസയുടേയോ മകന്റേയോ മുഖം പോലും അവസാനമായി ഒരു നോക്കു കാണാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. നിപ്പ വൈറസ് ബാധ ആദ്യം സ്ഥീരികരിച്ചത് ഇവരുടെ വീട്ടില്‍ ആയതിനാല്‍ നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തിയ അവസ്ഥയാണ്. ഫലത്തില്‍ ഊരുവിലക്ക് തന്നെ.

വൈറസ് ഭീതിയില്‍ സമൂഹം ഒറ്റപ്പെടുത്തുമ്പോഴും ആരോടും പരിഭവിക്കാതെ ശാന്തയായി സഹനങ്ങള്‍ ഏറ്റു വാങ്ങുകയാണ് മറിയം. ‘മകന്‍ സാബിത്തിനെ പനി ബാധിച്ച് പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവനൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു.

എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്. എന്നിട്ടും എനിക്ക് രോഗം ബാധിച്ചില്ലല്ലോ?’ മറിയം ചോദിക്കുന്നു. സമൂഹം അനാവശ്യമായി ഭയപ്പെടുകയാണ്. രോഗം ബാധിക്കാത്ത ഞാനും എന്റെ മകനും മരിച്ചു പോയെന്നു വരെ കള്ളക്കഥകള്‍ മെനഞ്ഞു. ഇതൊക്കെ എന്തുകൊണ്ടാണെന്നും മറിയം ചോദിക്കുന്നു.

പ്രാര്‍ഥനയും സന്തോഷവുമായി കഴിയേണ്ട പുണ്യമാസത്തില്‍ ദുരന്തങ്ങള്‍ ഒന്നൊന്നായി ഏറ്റുവാങ്ങേണ്ടി വരുമ്‌ബോള്‍ അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നു പോലും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമറിയില്ല. പന്തിരിക്കര ആവടുക്കയില്‍ സഹോദരന്റെ വീട്ടിലാണ് മറിയവും മുത്തലിബും ഇപ്പോള്‍.

മറിയത്തിന്റെ അവസ്ഥ തന്നെയാണ് നിപ്പ വൈറസ് ബാധയേറ്റ് മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളുടെയും അവസ്ഥയും. തങ്ങളെ എന്തിനാണ് സമൂഹം ഒറ്റപ്പെടുത്തുന്നതെന്ന് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ ബന്ധുക്കളും ചോദിക്കുന്നു.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. എ.എസ്.അനൂപ് കുമാര്‍, ന്യൂറോളജി വിഭാഗത്തിലെ ഡോ. സി.ജയകൃഷ്ണന്‍, മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുണ്‍കുമാര്‍ എന്നിവരാണു നിപ്പയെ കണ്ടെത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയുടെ മകന്‍ മുഹമ്മദ് സാലിഹിനെ 17നു പുലര്‍ച്ചെ രണ്ടരയ്ക്കാണു ബേബിയിലെത്തിച്ചത്. ഡോ. അജിത് കെ.ഗോപാല്‍, ഡോ. ജി.ഗംഗപ്രസാദ് എന്നിവരാണ് ആദ്യം നോക്കുന്നത്. മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ എംആര്‍ഐ സ്‌കാന്‍ എടുത്തു. നട്ടെല്ലിലെ നീരെടുത്തു പരിശോധിച്ചു.

എന്നാല്‍, സംശയകരമായി ഒന്നും കണ്ടെത്തിയില്ല. പക്ഷേ, രണ്ടാഴ്ച മുന്‍പു കുടുംബത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ടെന്നറിഞ്ഞു ഡോക്ടര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞു. തുടര്‍ന്നാണു ഡോ. അനൂപും ജയകൃഷ്ണനും പരിശോധനയ്ക്കിറങ്ങുന്നത്. സാലിഹിന്റെ പിതാവ് മൂസയെയും അടുത്ത ബന്ധുവിനെയും മൂസയുടെ സഹോദരഭാര്യ മറിയത്തെയും ആശുപത്രിയിലേക്കു വിളിപ്പിച്ചു.

സാലിഹിനെ ഡോക്ടര്‍മാര്‍ കൂടുതലായി നിരീക്ഷിച്ചു. യുവാവിന്റെ രക്തസമ്മര്‍ദം കൂടുന്നു. ഹൃദയമിടിപ്പു കൂടുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം വിയര്‍ക്കുന്നു. ചില ഭാഗങ്ങളില്‍ മാത്രം മിടിപ്പു കൂടുന്നു. സാധാരണ പനി വരുമ്പോള്‍ രക്തസമ്മര്‍ദവും മറ്റും താഴുന്നതാണു പതിവെങ്കിലും ഇവിടെയെല്ലാം വിപരീതം.

പഠനത്തിന്റെ ഭാഗമായി രണ്ടുദിവസം മുന്‍പു താന്‍ വായിച്ച പുസ്തകത്തിലെവിടെയോ കണ്ട നിപ്പ എന്നൊരു വൈറസിനെപ്പറ്റിയുള്ള പരാമര്‍ശം ജയകൃഷ്ണന്റെ മനസ്സിലെത്തി. അനൂപുമായി പങ്കുവച്ചപ്പോള്‍ സംശയം ബലപ്പെട്ടു. തുടര്‍ന്നു സാലിഹിന്റെ ബന്ധുവിന്റെ കൈവശം ഉടന്‍തന്നെ സ്രവം മണിപ്പാലിലേക്ക് അയച്ചു.

പിറ്റേദിവസം ഉച്ചയോടെ സാലിഹ് മരിച്ചു. മണിപ്പാലിലെ പരിശോധനയിലൂടെ നിപ്പയാണു വൈറസെന്ന് ഏറെക്കുറെ ഉറപ്പിച്ചു. അന്നു രാത്രിതന്നെ ഡോ. അരുണ്‍ പേരാമ്പ്രയിലെത്തി തുടര്‍പഠനങ്ങള്‍ നടത്തി. ഞായര്‍ വൈകുന്നേരത്തോടെ പുണെയില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിപ്പ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്താണ് നിപ്പാ വൈറസ്..? എവിടെനിന്നു വന്നു..?

1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നു പിടിച്ച മാരക മസ്തിഷ്‌ക ജ്വരത്തിനു കാരണമായ വൈറസ്. അന്നാണ് ആദ്യം കണ്ടെത്തിയത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വാവലുകളില്‍ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയില്‍ പന്നിവളര്‍ത്തു കേന്ദ്രങ്ങളില്‍ അവയുമായി ഇടപഴകിയവര്‍ക്കാണ് ഏറെയും രോഗ ബാധയുണ്ടായത്. വാവലുകളുടെ സ്പര്‍ശമേറ്റ പഴങ്ങളില്‍ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം. രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5%.

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് മൂന്നപേരുടെ ജീവനെടുത്ത അപൂര്‍വ രോഗം. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൂസ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. സാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുമുണ്ട്. പ്രദേശത്ത് അഞ്ചു പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.