രാഹുല്‍ ഗാന്ധിക്ക് ജനപിന്തുണയേറുന്നു; മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ്; കേന്ദ്ര സര്‍ക്കാരിനെതിരെ അസംതൃപ്തി വര്‍ധിക്കുകയാണെന്നും എബിപി സര്‍വേ

single-img
25 May 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായെന്ന് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വേ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജനസമ്മതനായെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേര്‍ മോദിയെ നിര്‍ദേശിക്കുമ്പോള്‍ 24 ശതമാനം വിരല്‍ചൂണ്ടുന്നതു രാഹുല്‍ ഗാന്ധിയിലേക്കാണ്.

2018 ജനുവരിയില്‍ മോദിയും രാഹുലും തമ്മില്‍ ജനപ്രീതിയില്‍ 17 ശതമാനത്തിന്റെ അന്തരമുണ്ടായിരുന്നു. ഇപ്പോഴത് 10 ശതമാനമായി കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന്റെ നാലുവര്‍ഷം വിലയിരുത്തുന്നതാണു സര്‍വേ.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് അസംതൃപ്തി വര്‍ധിക്കുകയാണെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. മോദി സര്‍ക്കാരിനെക്കുറിച്ചുള്ള മതിപ്പില്‍ അസംതൃപ്തിക്കാരുടെ എണ്ണം കൂടുകയാണ്. 2017 മേയില്‍ 27 ശതമാനമായിരുന്നു അസംതൃപ്തി. 2018 ജനുവരിയില്‍ 40 ആയും ഇപ്പോള്‍ 47 ശതമാനമായും ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ അസംതൃപ്തരുടെ എണ്ണത്തിലെ വര്‍ധന 20 ശതമാനം.

അതേസമയം 2019 ലെ പൊതുതിരഞ്ഞെടുപ്പിലും മോദി തരംഗം തുടരുമെന്നും സര്‍വേ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാല്‍ എന്‍ഡിഎ മുന്നണിക്കു കേവല ഭൂരിപക്ഷം ലഭിക്കും. പ്രവചിക്കുന്ന സീറ്റ് 274. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ 336 സീറ്റാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയത്.

യുപിഎയ്ക്ക് 164 സീറ്റും മറ്റുള്ളവര്‍ക്ക് 105 സീറ്റ് വീതവുമാണു ലഭിക്കുക. എന്നാല്‍, 2019 ല്‍ മോദി സര്‍ക്കാരിന് ഭരിക്കാന്‍ അവസരം ലഭിക്കില്ലെന്നു കരുതുന്നവരാണു സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും. തൊഴിലില്ലായ്മയും വിലവര്‍ധനയുമാണു വോട്ടര്‍മാരെ എന്‍ഡിഎ സര്‍ക്കാരിനു എതിരാക്കുന്നത്.

ഭൂരിപക്ഷം ഹിന്ദു സമുദായക്കാരിലും സര്‍ക്കാര്‍ വിരുദ്ധ മനോഭാവമുണ്ടെന്നും സര്‍വേയില്‍ പറയുന്നു. നോട്ടുനിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍, വരുമാനത്തിലെ കുറവ് തുടങ്ങിയവയാണു സര്‍ക്കാരിനു വെല്ലുവിളി ഉയര്‍ത്തുന്നത്.