മിസ്റ്റര്‍ മോദീ….നിങ്ങളുടെ ഭരണം തികഞ്ഞ പരാജയമാണെന്നതിന് ഇതിലും വലിയ തെളിവ് ഇനി എന്തിന്?: ന്യായീകരിക്കാനാകാതെ ബിജെപി നേതാക്കള്‍

single-img
25 May 2018

ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പെട്രോള്‍, ഡീസല്‍ വില ഉയരുന്നതിനു കാരണം മോദി സര്‍ക്കാരിന്റെ ഭരണ പരാജയമാണോ?. അതേ എന്ന് പറയേണ്ടി വരും. കാരണം യു.പി.എ ഭരണ കാലത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചപ്പോള്‍ രൂക്ഷ വിമര്‍ശനം രേഖപ്പെടുത്തി മോദി പോസ്റ്റ് ചെയ്ത ഈട്വീറ്റ് മാത്രം മതി ഈ സര്‍ക്കാരിന്റെ ഭരണം തികഞ്ഞ പരാജയമെന്ന് പറയാന്‍.

2012 മെയ് 23നാണ് പെട്രോള്‍ വില വര്‍ധനവ് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ തികഞ്ഞ പരാജയമാണെന്ന് മോദി ട്വീറ്ററില്‍ കുറിച്ചത്. കോടിക്കണക്കിന് രൂപയുടെ ഭാരം ഗുജറാത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുകയാണ് കോണ്‍ഗ്രസെന്നും മോദി വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷത്തിരുന്നു പറഞ്ഞ വാക്കുകള്‍ ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രിയെ പരിഹാസ്യമായി വേട്ടയാടുകയാണിപ്പോള്‍. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, പലവട്ടം എണ്ണ വില വര്‍ധിപ്പിക്കുന്നതിനെ ചൊല്ലി അന്നത്തെ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു.

ഇന്ധന വില നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍നിന്നും എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്തത് മോദി സര്‍ക്കാരിന്റെ കാലത്താണ്. വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞ സര്‍ക്കാര്‍, പിന്നീട് ദിവസവും വില വ്യത്യാസപ്പെടുത്തുന്ന പുതിയ തീരുമാനത്തിലേക്കെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും വില കുതിച്ചുയരുകയാണ്. പെട്രോളിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി നില്‍ക്കുകയാണ്.

ഇന്ധനവിലവര്‍ധനവിനോടുള്ള പ്രതിഷേധമറിയിക്കുന്നതിന് ജനങ്ങള്‍ ഇപ്പോള്‍ മോദിയുടെ പഴയ പോസ്റ്റാണ് ആയുധമാക്കിയിരിക്കുന്നത്. ഇന്ധന വില വര്‍ധന കക്കൂസ് പണിയാനാണെന്നതുമുതല്‍ ‘ഒഎംകെവി’ വരെയുള്ള കമന്റുകള്‍ പോസ്റ്റിന് ചുവട്ടിലുണ്ട്. ഇന്ത്യ മുഴുവന്‍ കക്കൂസ് ഉണ്ടാക്കിക്കഴിയുമ്പോള്‍ വിലകുറയ്ക്കുമോ എന്നുപോലും ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും പെട്രോളിനും ഡീസലിനും വില ഇന്നും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പെട്രോള്‍ വില 82 രൂപയും ഡീസല്‍ വില 74.60 രൂപയുമായി.

കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷം തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നത്. ജനജീവിതം തകര്‍ത്ത് ഇന്ധന വില തുടര്‍ച്ചയായി ഉയര്‍ന്നിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടികളും എടുക്കുന്നില്ല.

സംസ്ഥാനങ്ങള്‍ സഹകരിക്കാതെ പ്രശ്‌നം മറികടക്കാന്‍ കഴിയില്ലെന്നാണു കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതിനാലാണ് എണ്ണക്കമ്പനികള്‍ ദിനം പ്രതി പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തുന്നത്. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് 3രൂപ 34 പൈസയാണ് വര്‍ദ്ധിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചിരുന്നില്ല. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ദിനംപ്രതി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു. വില വര്‍ദ്ധനവിനെതിരെ വ്യാപക പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനു നേരെ ഉണ്ടാകുന്നത്.

അതിനിടെ, രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുമ്പോള്‍ രാജ്യത്തെ കമ്പനികള്‍ക്കുണ്ടാകുന്ന അപ്രതീക്ഷിത ലാഭത്തിനുമേല്‍ നികുതി ചുമത്താനും ആ തുക ഉപയോഗിച്ച് ആഘാതം ഒരു പരിധിവരെ താങ്ങാനും സര്‍ക്കാര്‍തലത്തില്‍ ആലോചനയുണ്ടെന്നു സൂചനയുണ്ട്.

പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എണ്ണ ഖനനക്കമ്പനികള്‍ നിലവില്‍ ഇന്ത്യയില്‍നിന്നു ഖനനം ചെയ്‌തെടുക്കുന്ന എണ്ണയ്ക്കും രാജ്യാന്തര നിലവാരത്തിലാണു വില കിട്ടുന്നത്. എണ്ണവില ബാരലിന് 70 ഡോളര്‍ പിന്നിടുമ്പോള്‍, അധികത്തുകയിന്മേല്‍ നികുതി ചുമത്താനാണ് ആലോചന.