ഹൈക്കോടതിയിലും ബാഹ്യ ഇടപെടല്‍?: കോടതി നടപടികളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് കെമാല്‍പാഷ

single-img
25 May 2018

കൊച്ചി: ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അടക്കം ഹൈക്കോടതി നടപടികളില്‍ കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ജസ്റ്റിസ് കെമാല്‍പാഷ. അടുത്ത കാലത്ത് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലാണെന്നും നടന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്നും കെമാല്‍പാഷ വ്യക്തമാക്കി. പരിഗണനാ വിഷയങ്ങള്‍ മാറ്റിയ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ തെറ്റു പറയാനാകില്ലെന്നും കെമാല്‍പാഷ ചൂണ്ടിക്കാട്ടി. അനുചിത സമയത്ത് ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് മാറ്റിയത് തന്നെ വേദനിപ്പിച്ചു.

സീറോ മലബാര്‍ സഭ, ശുഹൈബ് വധകേസ് വിധികള്‍ അട്ടിമറിക്കപ്പെട്ടെന്ന് താന്‍ പറയുന്നില്ല. നീതി നടത്തിയാല്‍ മാത്രം പോരാ, നടപ്പായതായി തോന്നിക്കണം. താന്‍ പുറപ്പെടുവിച്ച വിധികള്‍ എല്ലാം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജി നിയമനത്തിന് പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സ്ഥിതിയുണ്ട്. ഈ വിഷയത്തില്‍ സുതാര്യതയില്ലെന്നും മാനദണ്ഡങ്ങള്‍ വ്യക്തമല്ലെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. ലാവലിന്‍കേസ് തന്റെ ബെഞ്ചില്‍ നിന്ന് മാറ്റിയതില്‍ അസ്വാഭാവികത തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.