കോടിയേരി ബിജെപി പിആര്‍ഒ; പിണറായിക്ക് മോദിപ്പേടി; ബിജെപിയുടെ തകര്‍ച്ചയുടെ ആരംഭം ചെങ്ങന്നൂരില്‍നിന്ന് കുറിക്കുമെന്നും രമേശ് ചെന്നിത്തല

single-img
25 May 2018

ബിജെപിയുടെ തകര്‍ച്ചയുടെ ആരംഭം ചെങ്ങന്നൂരില്‍നിന്ന് കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണ ലഭിച്ചതിന്റെ പകുതി വോട്ട് മാത്രമേ ഇത്തവണ ബിജെപിക്ക് ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും. അനുകൂല സാഹചര്യമാണുള്ളതെന്നും നല്ല ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒ ആയി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ:പതിച്ചു.

കോടിയേരിയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കണ്ട് കുമ്മനം രാജശേഖരന്‍ പോലും ഞെട്ടിയിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയ്ക്ക് വോട്ട് കൂടണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധഃപതിച്ചതില്‍ തനിക്ക് ദുഃഖമുണ്ടെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള ബാന്ധവം കേരളത്തില്‍ പരസ്യമായ രഹസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.