സോനം-കരീന ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്; സന്തോഷത്തില്‍ അണിയറപ്രവര്‍ത്തകര്‍

single-img
24 May 2018

പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശശാങ്ക ഘോഷ് ഒരുക്കുന്ന വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രം. എന്നാല്‍ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നാല് നായികമാരുടെയും ഗ്ലാമര്‍ രംഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗമുള്ള ഡയലോഗുകളുമാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം.

സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് കരുതി വിഷമത്തിലല്ല അണിയറപ്രവര്‍ത്തകര്‍. മറിച്ച് സന്തോഷത്തിലാണ്. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ കുടുംബ പ്രേക്ഷകര്‍ കയറില്ലയെന്നതാണ് സാധാരണ നിര്‍മ്മാതാക്കളെ നിരാശരാക്കുന്ന കാര്യം.

പക്ഷേ ഇവിടെ തങ്ങള്‍ ലക്ഷ്യമിടുന്നത് ഇന്നത്തെ യുവ തലമുറയെയാണെന്ന് സോനത്തിന്റെ സഹോദരിയും നിര്‍മ്മാതാവുമായ റിയ കപൂറും എക്താ കപൂറും വ്യക്തമാക്കി. ‘എ’സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നതെങ്കില്‍ സീനുകള്‍ക്ക് കത്രിക വെയ്ക്കുന്നത് കുറയുമെന്നതു തന്നെയാണ് സന്തോഷത്തിന്റെ കാരണം.

ഇതോടെ തങ്ങളുടെ സിനിമ അതു പോലെ പ്രേക്ഷകരിലേയ്‌ക്കെത്തിക്കാമെന്ന് ഇവര്‍ പറയുന്നു. പുതു തലമുറ നിത്യ ജീവിതത്തില്‍ ഇത്തരം ഭാഷ ഉപയോഗിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പാനല്‍ അംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ എതിര്‍ത്തിരുന്നെങ്കിലും മറു വിഭാഗത്തിന് അത് തൃപ്തികരമായി തോന്നിയില്ല.

അതേസമയം സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍ട്ടിഫിക്കറ്റ് കൈമാറിയിട്ടില്ല. ചിത്രം ജൂണ്‍ 1ന് തീയറ്ററുകളിലെത്തും.