തമിഴ്‌നാട് കത്തുന്നു; സെക്രട്ടേറിയറ്റില്‍ നാടകീയ രംഗങ്ങള്‍; ഡിഎംകെ നേതാവ് സ്റ്റാലിന്‍ അറസ്റ്റില്‍: നാളെ ബന്ദ്

single-img
24 May 2018

വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പില്‍ 13 പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ഡിഎംകെ. പോലീസ് വെടിവയ്പിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എറ്റെടുത്ത് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് സ്റ്റാലിന്റെ നേത്യത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ വന്‍ പ്രതിഷേധം.

പിന്നീട് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. തൂത്തുക്കുടില്‍ ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ടും പ്രതിപക്ഷ പാര്‍ട്ടികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നു സ്റ്റാലിന്‍ ആരോപിച്ചു.

അതേസമയം സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നാളെ ബന്ദ് ആചരിക്കും. ഡി എം കെ, കോണ്‍ഗ്രസ്, ദ്രാവിഡാര്‍ കഴകം, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപി ഐ, സിപി എം, മുസ്ലിംലീഗ്, തുടങ്ങിയ കക്ഷികളാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ബന്ദ് തമിഴ് വികാരം പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് ഡി എം കെ പത്രക്കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, തൂത്തുക്കുടി, കന്യാകുമാരി, തിരുനെല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വേദാന്ത കമ്പനിക്കെതിരെ നടക്കുന്ന സമരത്തില്‍ ദിനം പ്രതി ജനപങ്കാളിത്തം കൂടി വരുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നടപടി.

തമിഴ്‌നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിലെ വെടിവയ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ആദ്യ ദിവസം 10 പേരും പിറ്റേന്ന് ഒരാളും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കുമുണ്ട്. കനത്ത മലീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ ആയിരക്കണക്കിനു പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം ഇരുപതിനായിരത്തോളം പേര്‍ കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.

അതിനിടെ, അക്രമം നിര്‍ഭാഗ്യകരമായിപ്പോയെന്നും സര്‍ക്കാരും കോടതിയുമായി സഹകരിക്കുമെന്നും വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ പറഞ്ഞു. സര്‍ക്കാര്‍, കോടതി ഉത്തരവുകള്‍ കര്‍ശനമായി പാലിച്ചാണു പ്രവര്‍ത്തിക്കുന്നത്. തൂത്തുക്കുടിയിലെ ജനങ്ങളുടെയും തമിഴ്‌നാടിന്റെയും വികസനത്തിനു പൂര്‍ണമായി കടപ്പെട്ടിരിക്കുന്നുവെന്നും അനില്‍ അഗര്‍വാള്‍ അറിയിച്ചു.