തൂത്തുക്കുടിയില്‍ സംഘര്‍ഷം തുടരുന്നു: പോലീസ് വീട്ടില്‍ കയറിയും സ്ത്രീകളെ മര്‍ദിച്ചു: രണ്ട് പോലീസുകാര്‍ക്ക് വെട്ടേറ്റു

single-img
24 May 2018

തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരേ സമരം നടക്കുന്ന തൂത്തുക്കുടിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. പുലര്‍ച്ചെ രണ്ട് പോലീസുകാര്‍ക്ക് വെട്ടേറ്റതായാണ് വിവരം. വിശദവിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു. രണ്ട് ദിവസമായി നടന്ന പോലീസ് വെടിവെയ്പില്‍ ഇവിടെ 13 പേരാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധം സംസ്ഥാനസര്‍ക്കാര്‍ വിഛേദിച്ചിട്ടുണ്ട്. പ്ലാന്റിന്റെ രണ്ടാംഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച്ച ഉത്തരവിട്ടതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.

പ്ലാന്റ് പൂര്‍ണമായും അടച്ചു പൂട്ടാതെ മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ടവരില്‍ ഒരാളുടെയൊഴികെ എല്ലാവരുടെയും ബന്ധുക്കള്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ മൃതദേഹങ്ങള്‍ വിട്ടുനല്‍കരുതെന്ന് കോടതിയും നിര്‍ദേശിച്ചിരുന്നു.

അതിനിടെ തൂത്തുക്കുടിയിലെ അക്രമങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് വീടുകളില്‍ കയറി സ്ത്രീകളെപ്പോലും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതില്‍ ഒന്ന്. പൂട്ടിയിരുന്ന വാതില്‍ പൊളിച്ച് അകത്തു കയറി പൊലീസ് മര്‍ദിച്ചെന്നും, കുട്ടികളെയടക്കം പിടിച്ചു കൊണ്ടുപോയെന്നുമുള്ള പരാതികളാണ് പുറത്തു വരുന്നത്.

അതേസമയം സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രകോപനങ്ങള്‍ക്ക് തടയിടാന്‍, തുത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ ഞായറാഴ്ച വരെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൂത്തുക്കുടി വെടിവയ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സിപിഎം രംഗത്തെത്തി. വെടിവയ്പില്‍ പ്രധാനമന്ത്രി അനുശോചനം പോലും അറിയിക്കാത്തത് എന്തുകൊണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ചോദിച്ചു. വേദാന്ത കമ്പനി ബി.ജെ.പിക്ക് വലിയതുക സംഭാവന നല്‍കുന്നതുകൊണ്ടാണോ പ്രധാനമന്ത്രിയുടെ മൗനമെന്നും യച്ചൂരി ചോദിച്ചു.