സുനന്ദ പുഷ്‌കര്‍ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റി

single-img
24 May 2018

സുനന്ദ പുഷ്‌കര്‍ കേസ് ജനപ്രതിനിധികള്‍ക്ക് എതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന അതിവേഗ കോടതിയിലേക്ക് മാറ്റി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലിന്റെ കോടതി 28ാം തീയതി കേസ് പരിഗണിക്കും.

തരൂരിന് എതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു. ശശി തരൂരിന് എതിരായ ദില്ലി പൊലീസ് കുറ്റപത്രം ദില്ലി പട്യാല ഹൗസ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് പരിഗണിച്ചത്.

കുറ്റപത്രത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദര്‍ സിംഗ് തയ്യാറായില്ല. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ രൂപീകരിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതായി മജിസ്‌ട്രേറ്റ് അറിയിച്ചു.

തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അടക്കമുള്ളവ ഇനി ഈ കോടതിയായിരിക്കും പരിഗണിക്കുക. കുറ്റപത്രം കോടതിയ്ക്ക് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം. അല്ലെങ്കില്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശിക്കാം. കുറ്റപത്രം അംഗീകരിച്ചാല്‍ തരൂരിന് അറസ്റ്റ് വാറന്റോ സമന്‍സോ അയക്കണമെന്ന് ദില്ലി പൊലീസ് കോടതിയോട് ആവശ്യപ്പെടും.