ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണമെന്ന് പിണറായി: ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയേക്കുമെന്ന് സജി ചെറിയാന്‍

single-img
24 May 2018

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളം ഏറെ മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസന പദ്ധതികള്‍ അതിവേഗമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ദേശീയപാതയ്ക്കായി കണ്ണൂരില്‍ സ്ഥലമേറ്റമെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ മാത്രം അഭിരമിക്കുന്നുവെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കേരളം മികച്ച സംസ്ഥാനമെന്ന് കേന്ദ്രം പറഞ്ഞാല്‍ അങ്ങനെയല്ലെന്ന് ആന്റണിക്ക് പറയാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസുകാര്‍ പകല്‍ കോണ്‍ഗ്രസും രാത്രിയും ബി.ജെ.പിക്കാരും ആകുകയാണെന്നും പിണറായി പരിഹസിച്ചു.

അതിനിടെ ചെങ്ങന്നൂരില്‍ ത്രികോണ മത്സരമെന്ന് ആവര്‍ത്തിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. ബി.ജെ.പി ശക്തമായ പ്രചാരണമാണ് കാഴ്ച വയ്ക്കുന്നത്. മണ്ഡലത്തില്‍ ഒരു പക്ഷേ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സജിയുടെ നിലപാടിനെ സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ തള്ളി. ബി.ജെ.പി താഴേക്കെത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.