വലിയ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കാം; രണ്ടാമൂഴത്തെ കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

single-img
24 May 2018

ഒടിയന് പുറമെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. ചിത്രം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായരുമായി ചര്‍ച്ചകള്‍ നടത്തിയതായി ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നാം ഒരുമിച്ച് കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് അതിന്റെ ഒരു ഘട്ടം കൂടി പിന്നിട്ടെന്നും ചിത്രത്തെക്കുറിച്ചുള്ള വലിയൊരു വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കാമെന്നുമാണ് അദ്ദേഹം കുറിച്ചത്.

മോഹന്‍ലാല്‍ ലണ്ടനില്‍ നിന്നും ഫോണിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരം കോടി മുടക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഭീമനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

വ്യവസായിയായ ബി.ആര്‍.ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ്, കോളിവുഡ്, ഹോളിവുഡ്, ടോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ ജാക്കി ചാനും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും.