മൂസയുടെ മൃതദേഹം ദഹിപ്പിക്കില്ല; പത്തടി ആഴത്തില്‍ പൊതുശ്മശാനത്തില്‍ മറവ് ചെയ്യും: ഒരു നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു

single-img
24 May 2018

കോഴിക്കോട്: നിപ വൈറസ് ബാധിതനായി മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താത്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്.

നിപ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍ വൈദ്യുതി ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാല്‍ മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഇതേ തുടര്‍ന്നാണ് മൂസയുടെ ബന്ധുകളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് മൃതദേഹം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. കോഴിക്കോട് ബീച്ചിനടുത്തുള്ള കണ്ണപറമ്പ് പൊതുശ്മശാനത്തിലാവും മൃതദേഹം മറവ് ചെയ്യുക. പത്തടി ആഴത്തില്‍ ഇതിനായി കുഴി വെട്ടും. വൈറസ് പടരാതിരിക്കാന്‍ കുഴിയില്‍ ബ്ലീച്ചിംഗ് പാളിയും തീര്‍ക്കും.

അതിനിടെ കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് നിപ്പ ബാധിച്ചതായി സ്ഥിരീകരണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ് ആശങ്കയേറ്റി ഒരാള്‍ക്ക് കൂടി നിപ്പ സ്ഥിരീകരിക്കുന്നത്. വിദ്യാര്‍ഥിനി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

160 സാമ്പിളുകള്‍ പരിശോധനയക്കയച്ചതില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരമാണ് നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് നിപ്പ ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനഞ്ചായി. അതേസമയം വിവിധ പരീക്ഷകളും മാറ്റിവയ്ക്കാന്‍ നടപടി തുടങ്ങി. ശനിയാഴ്ച നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷ പി.എസ്.സി മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് വാഴ്‌സിറ്റി നാളെയും മറ്റന്നാളുമുള്ള പി.ജി. പ്രവേശനപ്പരീക്ഷകളും മാറ്റി .