നിപ്പ വൈറസ് ബാധിച്ച് ഒരു കുടുംബത്തില്‍ മാത്രമുണ്ടായത് നാലുമരണം: മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാന ജീവനക്കാര്‍ക്കെതിരെ കേസ്

single-img
24 May 2018

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ വിസമ്മതിച്ച രണ്ട് ശ്മശാന ജീവനക്കാര്‍ക്കെതിരേ കേസ്. മാവൂര്‍ റോഡ് ശ്മശാനത്തിലെ ജീവനക്കാര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നിപ്പ വൈറസ് ബാധയേറ്റ് മരിച്ച അശോകന്റെ മൃതദേഹം ദഹിപ്പിക്കാന്‍ വിസ്സമ്മതിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചു, സര്‍ക്കാര്‍ ചട്ടങ്ങള്‍ ബോധപൂര്‍വ്വം മാറ്റിമറിച്ചു, എന്നീ കുറ്റങ്ങളാരോപിച്ച് നടക്കാവ് പോലീസാണ് കേസെടുത്തത്. മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയവരോട് ശ്മശാനം പ്രവര്‍ത്തനരഹിതമാണെന്നായിരുന്നു ഇവരുടെ മറുപടി.

സംസ്‌കരിക്കുമ്പോള്‍ ഉയരുന്ന പുക വഴി വൈറസ് ബാധയേല്‍ക്കുമെന്ന ഭയമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.

അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ നിപ്പ വൈറസ് ബാധയേറ്റ ഒരാള്‍ കൂടി മരിച്ചു. ചെങ്ങരോത്ത് സ്വദേശി മൂസയാണു മരിച്ചത്. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ്. ഇദ്ദേഹം കോഴിക്കോട്ടു ചികില്‍സയിലായിരുന്നു. ഇവരുടെ വീടിന്റെ കിണറ്റിലാണു വവ്വാലുകളെ കണ്ടെത്തിയത്. മേയ് 18നാണ് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മരണം 12 ആയെങ്കിലും 11 പേര്‍ക്കു മാത്രമേ നിപ്പയാണെന്നു സ്ഥിരീകരിച്ചിട്ടുള്ളൂ.

ഏപ്രില്‍ 25നാണു മൂസയും മക്കളായ സാബിത്തും സാലിഹും ആപ്പറ്റയില്‍ പുതുതായി വാങ്ങിയ വീട്ടിലെ കിണര്‍ വൃത്തിയാക്കിയത്. ഈ കിണറ്റിലാണു പിന്നീട് വവ്വാലുകളെ കണ്ടെത്തിയത്. പനിയെ തുടര്‍ന്നു സാബിത്തിനെ ഈമാസം മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അഞ്ചിന് മരിക്കുകയും ചെയ്തു. 18നു സാലിഹും 19ന് സഹോദരഭാര്യ മറിയവും മരിച്ചു. ഇവരുടെ സ്രവ സാംപിളില്‍നിന്നാണു നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനാണു രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടുപേരെയും ഇന്നലെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. നിപ്പ ബാധിച്ചു മരിച്ച തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യനാണു കോഴിക്കോട്ടു ചികില്‍സ തേടിയവരിലൊരാള്‍. ഇതോടെ രോഗം സംശയിച്ചു മൊത്തം 17 പേരാണു ചികില്‍സയിലുള്ളത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള രണ്ടു പേരും കോഴിക്കോട്ടുനിന്നെത്തിയവരാണ്. പേരാമ്പ്രയില്‍നിന്നു കടുത്തുരുത്തിയില്‍ വിവാഹനിശ്ചയത്തിനെത്തിയ അന്‍പത്തിയേഴുകാരനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്‌സുമാണു ചികില്‍സയിലുള്ളത്.

പേരാമ്പ്രയില്‍നിന്നെത്തിയ ആള്‍ ട്രെയിന്‍ യാത്രയ്ക്കിടെ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനാല്‍ വിവാഹനിശ്ചയസ്ഥലത്തേക്കു പോകാതെ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഇരുവരുടെയും സ്രവ സാംപിള്‍ ഭോപ്പാലിലേക്കും മണിപ്പാലിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.