ഫിറ്റ്‌നസ് ചാലഞ്ചിനെ കുറിച്ച് ട്വീറ്റ് ചെയ്യാന്‍ മോദിക്ക് സമയമുണ്ട്: പക്ഷേ ഇന്ധനവില വര്‍ധനവിനെക്കുറിച്ചും, തൂത്തുക്കുടി പൊലീസ് വെടിവെപ്പിനെക്കുറിച്ചും മൗനം

single-img
24 May 2018

അടിക്കടി ഉയരുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധനവിലും തൂത്തുക്കുടി പൊലീസ് വെടിവെപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് മോദി ട്വീറ്റു ചെയ്തതാണ് പ്രതിഷേധത്തിന് ആക്കം കൂടാന്‍ കാരണം.

‘തമിഴ്‌നാട്ടില്‍ കഴിഞ്ഞ മൂന്നുദിവസമായി സ്ഥിതി നിയന്ത്രണാതീതമാണ്. ഇതുവരെ 12 പൗരന്മാര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഇതുവരെ ട്വീറ്റുകളൊന്നും ഈ വിഷയത്തില്‍ വന്നിട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ വിരാടിന്റെ ഫിറ്റ്‌നസ് ചാലഞ്ച് കളിക്കുകയാണ്. ഇതുപോലെ നാണംകെട്ട ഒരു പ്രധാനമന്ത്രിയുള്ളതില്‍ ലജ്ജതോന്നുന്നു’ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

‘മോദീ, തമിഴ്‌നാട്ടില്‍ പൊലീസ് 12 പേരെ കൊന്നു. നിങ്ങള്‍ വായ തുറന്നിട്ടില്ല. ഇവിടെ നിങ്ങള്‍ ഒരു കായിക താരത്തോടൊപ്പം കളിക്കുകയാണ്. നാണക്കേട്’ എന്നാണ് മറ്റൊരു പ്രതികരണം. ഇന്ധനവിലയെക്കുറിച്ച് നിങ്ങള്‍ക്ക് വായ തുറന്ന് എന്തെങ്കിലും പറഞ്ഞു കൂടെ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

നേരെത്ത വിരാട് കോഹ്ലി 20 സ്‌പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഫിറ്റ്‌നസ് ചാലഞ്ചിന് വിരാട് മൂന്നു പേരെ ട്വിറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ, സഹതാരം എം എസ് ധോണി, പ്രധാനമന്ത്രി മോദി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്.

”നിങ്ങളുടെ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നുവെന്നും എന്റെ ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ ഉടന്‍ പങ്കുവയ്ക്കുമെന്നും ഇതിനു മറുപടിയായി മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഒളിംപിക്‌സ് മെഡല്‍ ജേതാവും മന്ത്രിയുമായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്ന ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. നമ്മള്‍ ഫിറ്റ്‌നസായാല്‍ രാജ്യവും ഫിറ്റാവും.

നിങ്ങളുടെ ഫിറ്റ്‌നസ് രഹസ്യം എന്തായാലും അതിന്റെ വീഡിയോ പങ്കുവയ്ക്കുക എന്ന് അറിയിച്ച് 20 പുഷ് അപ്പുകള്‍ എടുത്തായിരുന്നു റാത്തോഡ് ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം 20 സ്‌പൈഡര്‍ പ്ലാങ്ക്‌സ് എടുത്ത് കൊഹ്ലി മൂന്ന് പേരെയും വെല്ലുവിളിച്ചത്.