ഇന്നലെ നേരില്‍ കണ്ടിട്ടും പരസ്പരം മിണ്ടിയില്ല; ഇന്ന് പിണറായിക്ക് ആശംസകളുമായി മമത

single-img
24 May 2018

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമത പിണറായിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ബംഗാളില്‍ രാഷ്ട്രീയ വൈരികളാണ് തൃണമൂല്‍ കോണ്‍ഗ്രസും, സിപിഎമ്മും എന്നിരിക്കെ രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രിയ്ക്കുള്ള മമതയുടെ പിറന്നാള്‍ ആശംസ രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്.

ഇന്നലെ കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേദിയില്‍ പരസ്പരം കണ്ടിട്ടും മിണ്ടാതെ നടന്നവരാണു പിണറായി വിജയനും മമതാ ബാനര്‍ജിയും. ദേശീയ തലത്തിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായി മാറിയ വേദിയിലാണു കേരള, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ രാഷ്ട്രീയ വൈരം സൂചിപ്പിച്ച് അകലം പാലിച്ചത്.

വേദിയില്‍ നേരത്തേയെത്തിയ പിണറായി വേദിയുടെ ഇടതുഭാഗത്തു ചന്ദ്രബാബു നായിഡുവിനും മറ്റുമൊപ്പം ഇരിപ്പുറപ്പിച്ചിരുന്നു. പ്രമുഖ നേതാക്കളെല്ലാം എത്തിക്കഴിഞ്ഞ് അല്‍പം വൈകിയാണ് മമതയെത്തിയത്.

ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത് വേദിയുടെ ഇടത്തേയറ്റത്തേക്കു നടന്ന മമതയെ കണ്ട് മറ്റുള്ളവരെല്ലാം എഴുന്നേറ്റെങ്കിലും പിണറായി അനങ്ങിയില്ല. മൂന്നു കസേരയ്ക്കിപ്പുറംവരെ വന്നു പിണറായിയെ നോക്കാതെ മമത തിരിച്ചു പോകുകയും ചെയ്തു.