നിപ വൈറസ്: കോഴിക്കോട് ജാഗ്രതാ നിര്‍ദേശം; പൊതുപരിപാടികള്‍ക്ക് വിലക്ക്; കുട്ടികളുടെ ട്യൂഷനും തടഞ്ഞു

single-img
24 May 2018

നിപ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മെയ് 31 വരെയാണ് കലക്ടര്‍ യു വി ജോസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍ എന്നിവ നടത്തരുതെന്ന് കലക്ടര്‍ അറിയിച്ചു.

ട്യൂഷന്‍, ട്രെയിനിംഗ് ക്ലാസുകള്‍ എന്നിവയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അങ്കനവാടികളും 31 വരെ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശമുണ്ട്. അതേസമയം നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴും ഇന്ന് ഒരു മരണം കൂടി സംഭവിച്ചിരുന്നു.

മറ്റ് പലരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം നിരീക്ഷണത്തിലുമാണ്. വൈറസ് ബാധയുണ്ടായി ദിവസങ്ങളായിട്ടും ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്നതിനെക്കുറിച്ച് വിവരവും ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് അടിയന്തര നടപടി.

കോണ്ടാക്ട് ഇന്‍ഫെക്ഷന്‍ വിഭാഗത്തില്‍ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായാണ് ഉന്നത അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരിക്കുന്നത്. പുതുതായി ആര്‍ക്കെങ്കിലും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിന്റെ സാധ്യതയും തള്ളിക്കളയുന്നില്ല. കോഴിക്കോട് ജില്ലയിലേക്ക് നിര്‍ബന്ധിത സന്ദര്‍ശന വിലക്കൊന്നുമില്ലെങ്കിലും ആവശ്യമെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കാമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.