ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് ബദല്‍ നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍: ഒരു വര്‍ഷത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ച്

single-img
24 May 2018

ഒരുവര്‍ഷം നടക്കാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്തുകയെന്ന ആശയം നടപ്പാക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. നിയമസഭയുടെ കാലാവധി കഴിയുന്നതിന് ആറുമാസം മുന്‍പ് തിരഞ്ഞെടുപ്പ് നടത്തുന്നതാണ് നിലവിലെ രീതി.

ഇത് ഒരുവര്‍ഷം എന്നാക്കി മാറ്റി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര നിയമ കമ്മിഷന് നല്‍കിയ നിര്‍ദേശം. കമ്മിഷന്‍ നിലപാടിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കും.

തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുമ്പോഴുള്ള അഞ്ച് ഭരണഘടനാ പ്രശ്‌നങ്ങള്‍, 14 സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് നിയമ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്.

നിലവില്‍ അടുത്തടുത്ത് കാലാവധി അവസാനിക്കുന്ന സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഒന്നിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. എന്നാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് 6 മാസത്തില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനാകില്ല. ഇതില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഒന്‍പതോ പത്തോ മാസം മാറ്റിവെച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് ആലോചന.

ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് എന്ന രീതി നടപ്പിലാക്കാന്‍ എളുപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ അഞ്ച് നിയമ ഭേദഗതികള്‍ ആവശ്യമാണ്. എന്നാല്‍ ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പാക്കാന്‍ ഇതാവശ്യമില്ല.