കേരളത്തില്‍ ബിജെപി ഭരണം വരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്

single-img
24 May 2018

കൊച്ചി: മണിക്ക് സര്‍ക്കാര്‍ ഭരണത്തിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാരും നീങ്ങുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. കേരളത്തിലും ബിജെപി ഭരണത്തില്‍ വരുമെന്ന് ബിപ്ലവ് കുമാര്‍ പറഞ്ഞു. വരാപുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാടിന്റെ വികസനമല്ല പാര്‍ട്ടിയുടെ വളര്‍ച്ചയാണ് സി.പി.എം ലക്ഷ്യം വെക്കുന്നത്. ത്രിപുരയിലും സി.പി.എം ചെയ്തത് ഇതുതന്നെയാണ്’. കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമല്ല ചെങ്ങന്നൂരില്‍ ഉണ്ടാകുക, ത്രിപുരയിലെ വിജയത്തിന്റെ പ്രതിഫലനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളവും ത്രിപുരയും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ ത്രിപുരയിലേയും കേരളത്തിലേയും സി.പി.എം ഒരുപോലെയാണ്. ത്രിപുരയിലേതു പോലെ കണ്ണൂരിലും സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ കൊല്ലുന്നുണ്ട്.

ഈ കൊലപാതകങ്ങള്‍ തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് എതിരായ വികാരം സൃഷിടിക്കുമെന്നും ബിപ്ലബ് ആരോപിച്ചു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് ബിപ്ലബ് കുമാര്‍ ദേബ് എത്തിയത്.